വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച് പറഞ്ഞ് മഹേഷും മാരുതിയും! മണിയൻപിള്ള രാജു നിർമിച്ച് സേതു സംവിധാനം ചെയ്തെത്തിയ ചിത്രം പതിവു കാഴ്ചയിൽ നിന്നും മാറി ഒരു പഴയ് കാറ് ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തിൻ്റെ കഥയാണ് പറഞ്ഞത്. ഒരു ത്രികോണ പ്രണയ കഥ പോലെ മഹേഷും ഗൗരിയും കാറും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴമാണ് ചിത്രം പറയുന്നത്. വലിയ സ്വപ്നങ്ങൾ കാണാൻ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ചിത്രം മനസിൽ പ്രണയവും നൊമ്പരവും ഇഷ്ടവും സമ്മാനിക്കുകയും ചെയ്യുന്നു. ആസിഫ് അലിയും മംമ്ത മോഹൻദാസും 13 വർഷത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മഹേഷും മാരുതിയേയും പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുണ്ട്. മണിയൻ പിള്ള രാജു, വിജയ് ബാബു, പ്രേംകുമാർ, സാദിഖ്, കൃഷ്ണപ്രസാദ്, ദിവ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ആസിഫ് അലി നായകനായി തിയറ്ററിലെത്തിയ പുതിയ ചിത്രം 'മഹേഷും മാരുതിയും' ഗൃഹാതുരമായ കാഴ്ചകൾ മനസിലേക്ക് പകർന്ന് വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുകയാണ്.
ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചില ജീവനില്ലാത്ത സംഗതികൾ പലരുടെയും ജീവിതത്തിലുണ്ടാകും. മഹേഷിന് അത് അച്ഛൻ ആദ്യമായി വാങ്ങിയ ഒരു പഴയ മാരുതി 800 കാറായിരുന്നു. ആ കാറിനോടെന്ന പോലെ അവൻ മനസിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഇഷ്ടം കളിക്കൂട്ടുകാരി ഗൗരിയോടുമായിരുന്നു. മഹേഷും മാരുതി 800 കാറും ഗൗരിയും മലയാളി പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുക്കുകയാണ് വെള്ളിത്തിരയിൽ. ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധം എപ്പോഴും മനുഷ്യനും മനുഷ്യനും തമ്മിൽ ആകണമെന്നു നിർബന്ധമില്ലന്നു മഹേഷും അവൻ്റെ മാരുതിയും ഓർമപ്പെടുത്തുന്നു. ഓരോ പ്രേക്ഷകനും വളരെ പരിചിതമായ കഥാപാത്രമായി മാറാൻ ആസിഫ് അലിക്കു കഴിഞ്ഞതാണ് ചിത്രത്തിൻ്റെ വിജയം. അവൻ്റെ പുഞ്ചിരിയും നിസഹായതയും ദുഃഖവുമെല്ലാം പരിചിതമായ ചുറ്റുപാടിലൂടെ പ്രേക്ഷകരിലേക്കും എത്താക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
മൈ ബോസ് ചിത്രത്തിലെ മെട്രോ ഗേളിൻ്റെ ഗ്രാമത്തിലേക്കുള്ള വരവിനെ ഓർമപ്പെടുത്തിയാണ് മംമ്ത സ്ക്രീനിലെത്തുന്നതെങ്കിലും ഗൗരിയെ മറ്റൊരാളാക്കി മാറ്റാൻ താരത്തിനു കഴിഞ്ഞിരിക്കുന്നു. എവിടെയൊക്കയോ ചില വൈകാരികമായ ഇടങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ ഗൗരിയെ പോലെയൊരു കൂട്ടുകാരിയെ ചിത്രം കണ്ടിറങ്ങുമ്പോൾ ആഗ്രഹിക്കുന്നുണ്ടാകും. എൺപതുകളിൽ നിന്നും ആരംഭിക്കുന്ന കഥയിൽ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയിരിക്കുന്നുണ്ട്. വലിയ സ്വപ്നങ്ങൾ കാണാനും പ്രതിസന്ധികളെ അതിജീവിക്കാനും തട്ടിത്തടഞ്ഞു വീണാലും എഴുന്നേറ്റ് പരിശ്രമിക്കാനും ചിത്രം പ്രേക്ഷകരിലേക്ക് ചിന്ത പകരുന്നുണ്ട്.
അതിനായി മഹേഷിൻ്റെയും മാരുതിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ റിയലിസ്റ്റിക്കായി കഥ പറയാനാണ് സേതു ശ്രമിച്ചിരിക്കുന്നത്. ആസിഫും മംമ്തയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതായിക്കിയിട്ടുണ്ട്. ഒരു കഥയെ വെറുതെ പറഞ്ഞു പോകാതെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതിൽ കേദാറിൻ്റെ സംഗീത പശ്ചാത്തലം ഇഴചേർത്തിരിക്കുകയാണ് സംവിധായകൻ. ഗ്രാമത്തിൻ്റെ കാഴ്ചകളൊരുക്കി ഫയസ് സിദ്ദിഖിൻ്റെ ഛായാഗ്രഹണവും ചിത്രത്തിനു മിഴിവേകുന്നു.