2022 ൽ ശ്രദ്ധിക്കപ്പെട്ട 15 മലയാള സിനിമകൾ! ഒടിടിയുടെ സാധ്യതയും 2022 ൽ മലയാള സിനിമ പരമാവധി ഉപയോഗപ്പെടുത്തി എന്നു വേണം പറയാൻ. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഗംഭീര സിനിമകളാണ് പ്രേക്ഷകർക്ക് വിരുന്നൊരുക്കിയത്. കൊവിഡിനെ തുടർന്ന് തീയേറ്ററുകളിലേക്ക് എത്താൻ മടിച്ചിരുന്ന സിനിമ പ്രേക്ഷകരെ ആവേശത്തോടെ തീയേറ്ററുകളിലേക്ക് ഓടിയെത്തിക്കാൻ ഭീഷ്മപർവം, ഹൃദയം എന്നീ ചിത്രങ്ങൾക്കായി. മലയാള സിനിമ ലോകത്തിന് അഭിമാനിക്കാവുന്ന വർഷമായിരുന്നു 2022. ഒരേ സമയം ബോക്സോഫീസ് ഹിറ്റുകളും നിരൂപക പ്രശംസ ഏറ്റുവാങ്ങിയതുമായ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തി.വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഗംഭീര സിനിമകളാണ് പ്രേക്ഷകർക്ക് വിരുന്നൊരുക്കിയത്. കൊവിഡിനെ തുടർന്ന് തീയേറ്ററുകളിലേക്ക് എത്താൻ മടിച്ചിരുന്ന സിനിമ പ്രേക്ഷകരെ ആവേശത്തോടെ തീയേറ്ററുകളിലേക്ക് ഓടിയെത്തിക്കാൻ ഭീഷ്മപർവം, ഹൃദയം എന്നീ ചിത്രങ്ങൾക്കായി.
അതേസമയം സൂപ്പർ താരങ്ങളും വലിയ മുടക്കുമുതലുമൊക്കെയുണ്ടായിട്ടും ബോക്സോഫീസിൽ നിരാശപ്പെടുത്തിയ സിനിമകളും കുറവല്ല.പല സിനിമകൾക്കും ഇറക്കിയ പണം പോലും തിരിച്ചു പിടിക്കാനായില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒടിടിയിലും തീയേറ്ററുകളിലും തങ്ങളുടെ സാന്നിധ്യമറിയിച്ചു 2022 ൽ. മമ്മൂട്ടിയെന്ന നടൻ അഭിനയസാധ്യതയുള്ള വേറിട്ട കഥാപാത്രങ്ങളും സിനിമയും തെരഞ്ഞെടുത്തപ്പോൾ മോഹൻലാൽ തന്റെ പതിവ് ഫോർമുലകൾ തന്നെ തുടർന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവിനോ, വിനീത് ശ്രീനിവാസൻ, പൃഥ്വിരാജ്, ഷെയ്ൻ നിഗം, ബേസിൽ ജോസഫ് തുടങ്ങിയവരുടെ വലിയൊരു നിര വിവിധ ഗെറ്റപ്പുകളിലും പരീക്ഷണങ്ങളിലുമെത്തി മലയാളികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്നതും ശ്രദ്ധേയമാണ്. 2022 ൽ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ചില സിനിമകളിലൂടെ ഒന്ന് സഞ്ചരിക്കാം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022 ജനുവരി 21 ന് തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ 15 ഓളം പാട്ടുകളും ഉൾപ്പെടുത്തിയിരുന്നു. അതിൽ ദർശന എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും ചെയ്തു. ഉണക്ക മുന്തിരി..., മനസേ മനസേ എന്ന് തുടങ്ങുന്ന പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതമൊരുക്കിയത്. സൗഹൃദം, പ്രണയം തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു സിനിമയെത്തിയത്. ബോക്സോഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഹൊറർ ത്രില്ലർ വിഭാഗത്തിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു ഭൂതകാലം.
സോണി ലിവിലൂടെ ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. ഷെയ്ൻ നിഗം, രേവതി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. രേവതിയുടേയും ഷെയിന്റേയും പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റും. ചിത്രത്തിലെ അഭിനയത്തിന് രേവതിയേ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവുമെത്തി. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു ഭീഷ്മപർവത്തിൽ. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം തീയേറ്ററുകളിൽ വൻ തരംഗമാണ് തീർത്തത്. ബിഗ് ബി എന്ന ഹിറ്റിന് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മപർവം. സൗബിൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.