നയൻതാരയും വിഘ്‌നേഷും സറോഗസി നിയമം ലംഘിച്ചോ? ആശുപത്രി അധികൃതരിൽ നിന്നും വിവരം ശേഖരിച്ച് അന്വേഷണ സമിതി! സോഷ്യൽമീഡിയയിലൂടെയായാണ് ഇരുവരും ഈ സന്തോഷം പങ്കുവെച്ചത്. കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രവും ഇരുവരും പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടെ കുഞ്ഞുങ്ങളെത്തിയ സന്തോഷം പങ്കിട്ടതോടെ നയൻസിനും വിക്കിക്കുമെതിരെ രൂക്ഷവിമർശനങ്ങളും ഉയർന്നിരുന്നു. സറോഗസി നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നായിരുന്നു തമിഴ്‌നാട് ആരോഗ്യമന്ത്രി പ്രതികരിച്ചത്. തെന്നിന്ത്യൻ താരമായ നയൻതാരയ്ക്കും സംവിധായകനായ വിഘ്‌നേഷ് ശിവനും അടുത്തിടെയായിരുന്നു ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്.
സറോഗസി നിയമം ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ സമിതി തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും വേണ്ടിവന്നാൽ ദമ്പതികളെ വിളിച്ച് ചോദ്യം ചെയ്യാനും തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി കണ്ടെത്തിയെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നുമാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് സമിതി പ്രതികരിച്ചത്. വിവാഹിതരായി 5 വർഷത്തിന് ശേഷവും കുട്ടികളില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. വിവാഹം കഴിഞ്ഞ് 4ാം മാസത്തിലാണ് നയൻതാരയ്ക്കും വിഘ്‌നേഷിനും സറോഗസിയിലൂടെയായി കുഞ്ഞുങ്ങൾ ജനിച്ചത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് ശേഷമായി ഹണിമൂൺ ആഘോഷിക്കുന്നതിനായി നവദമ്പതികൾ വിദേശത്തേക്ക് പോയിരുന്നു. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ പിറന്നുവെന്നും ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹം വേണമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. ജീവിതം കൂടുതൽ മനോഹരമാവാൻ പോവുകയാണെന്നും അദ്ദേഹം കുറിച്ചിരുന്നു. സിനിമാലോകത്തുള്ളവരും ആരാധകരുമെല്ലാം ഇവർക്ക് ആശംസ അറിയിച്ചിരുന്നു. നയൻസും ഞാനും അച്ഛനും അമ്മയും ആയെന്ന സന്തോഷം ആദ്യം പങ്കുവെച്ചത് വിഘ്‌നേഷായിരുന്നു.
നയൻതാരയുടെയും വിഘ്‌നേഷിന്റെയും തീരുമാനം ശരിയായില്ലെന്നും ഇരുവരും നിയമലംഘനം നടത്തിയെന്നുമായിരുന്നു ചിലരുടെ ആരോപണം. പ്രസവിക്കാതെ അമ്മയാവാനാവില്ലെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടെത്തൽ. പ്രസവ വേദന അറിഞ്ഞാൽ മാത്രമേ അമ്മയാവാനാവൂ. പണമുള്ളതിന്റെ അഹങ്കാരമാണ് ഇവർക്കെന്ന തരത്തിലുള്ള വിമർശനങ്ങളുമുണ്ടായിരുന്നു. വിവാദങ്ങളും വിമർശനങ്ങളും അരങ്ങ് തകർക്കുമ്പോഴും പുതിയ സന്തോഷം ആഘോഷമാക്കുകയാണ് നയനും വിക്കിയും.