കാസർകോട്ടെ വരണ്ട ഭൂമിയിലേക്ക് ഒരു സിനിമ ചേക്കേറുന്നു!

frame കാസർകോട്ടെ വരണ്ട ഭൂമിയിലേക്ക് ഒരു സിനിമ ചേക്കേറുന്നു!

Divya John
 കാസർകോട്ടെ വരണ്ട ഭൂമിയിലേക്ക് ഒരു സിനിമ ചേക്കേറുന്നു! വള്ളുവനാടൻ‍ ഭാഷയുമായി പാലക്കാട് വരിക്കാശേരി മനയിൽ കറങ്ങി നിന്നതിനൊപ്പം ആലപ്പുഴയും തെങ്കാശിയും വാഗമണ്ണും പൊള്ളാച്ചിയുമൊക്കെയായിരുന്നു കുറേക്കാലം സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. ഗതാഗത സൗകര്യം, ഷൂട്ടിംഗ് സാധനസാമഗ്രികളുടെ ലഭ്യത എന്നീ ഘടകങ്ങളായിരുന്നു പ്രധാനമായും ഈ സ്ഥലങ്ങളിൽ തന്നെ സിനിമ കേന്ദ്രീകരിച്ചു നിൽക്കാൻ പ്രേരകമായത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെയാണ് സിനിമ പുതിയ ഭൂമികയെ തേടിയിറങ്ങുന്നത്. പാലക്കാടൻ മണ്ണിൽ നിന്നും ഇടുക്കിയിലെ മലനിരകളിലേക്കായിരുന്നു പിന്നീട് ചേക്കേറിത്. തൊടുപുഴ പ്രധാന ലൊക്കേഷനായപ്പോൾ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളും സിനിമയിലെത്തി. ഇപ്പോൾ മലയാള സിനിമയുടെ കണ്ണും കാതും മലബാറിൻ്റെ ഗ്രാമീണതയിലാണ്. കണ്ണൂരിന്റെയും കാസർകോടിൻ്റെയും നാടൻ ചൂരും പച്ചപ്പും നാട്ടുവഴികളും വടക്കൻ കാറ്റിൻ്റെ താളത്തോടെ വെള്ളിത്തിരയിൽ പശ്ചാത്തലമാകുന്നു.


   മലയാള സിനിമ ഇപ്പോൾ മലബാറിലാണ്. കൃത്യം പറ‍ഞ്ഞാൽ കാസർകോട്ടെ വരണ്ട ഭൂമിയിൽ. ചെന്നൈയിലായിരുന്നു ആദ്യ പതിറ്റാണ്ടുകൾ ഏറെയും മലയാള സിനിമ ചെലവഴിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കൂടുകൂട്ടി. കാസർ‍കോടിന്റെ പെരുമയെ ദേശിയ തലത്തിൽ എത്തിച്ചത് 1995 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ബോംബെ ആയിരുന്നു. ഒരു തീവണ്ടി യാത്രയിലാണ് ജാലകത്തിലൂടെ ബേക്കൽ കോട്ട സംവിധായകൻ മണിരത്നം കാണുന്നത്. പിന്നീട് തേടിച്ചെന്നു കണ്ടപ്പോൾ തന്നെ തീരുമാനിച്ചു ഉയരേ... എന്ന ഗാനത്തിന്റെ പശ്ചാത്തലം ഇവിടെത്തന്നെ. ഗർഷോം, അമൃതം തുടങ്ങിയ സിനിമകളുമായി ഇടവേളകളിൽ വെള്ളിത്തിരയിൽ ബേക്കൽ കോട്ട ഇടംനേടി. എങ്കിലും കൊച്ചിയിലും ഇടിക്കിയിലുമായി കൂടുകൂട്ടിയിരിക്കുകയായിരുന്നു സിനിമ ലോകം കഴിഞ്ഞ അഞ്ചു വർഷംകൊണ്ടാണ് വടക്കൻ അതിർത്തിയിലേക്കു കണ്ണെത്തിച്ചത്.


  കണ്ണൂർ, കോഴിക്കോട്, മാംഗ്ലൂർ വിമാനത്താവളങ്ങളിൽ നിന്നും ഇവിടേക്കുള്ള യാത്രാ സൗകര്യവും ഉപകാരമാകുന്നുണ്ട്. ഇന്ന് കാസർകോട് ദേശത്തിന്റെ അഴകും ഭാഷാ പ്രയോഗങ്ങളുടെ തനിമയും പുതുമയും മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പകരുകയാണ് ഓരോ സിനിമകളും. ഒരുകാലത്ത് മലയാള സിനിമ മാറ്റി നിർത്തിയ കാസർകോട് ജില്ല ഇന്നു മലയാള സിനിമയുടെ സ്വന്തം ഇടമായി മാറിയിരിക്കുന്നു. സമീപകാലത്ത് കാസർകോട്, കണ്ണൂർ ജില്ലകളിലായി ഷൂട്ടിംഗ് പൂർത്തീകരിച്ച നിരവധി ചിത്രങ്ങളാണ് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. സംവിധായകൻ അരവിന്ദൻ 19979 കാലഘട്ടത്തിൽ കുമ്മാട്ടിയുടെ ലൊക്കേഷു വേണ്ടി കാസർകോ‍‍ട് എത്തുമ്പോൾ അന്നു ജില്ല രൂപീകൃതമായിട്ടില്ല. മീത്തും യാഥാർഥ്യവും ഒരുപോലെ ഇഴചേർത്ത ചിത്രം കണ്ണൂരും കാസർകോടുമായിരുന്നു ചിത്രീകരണം നടത്തിയത്. ജന്മിത്ത വ്യവസ്ഥയ്ക്കെതിരേയുള്ള കയ്യൂർ സമരത്തിന്റെ കഥ പറഞ്ഞ ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനുവേണ്ടി 1986 ലാണ് വീണ്ടും സിനിമാ പ്രവർത്തകർ ഇവിടേക്കെത്തുന്നത്.



   1988 ൽ രണ്ടു ചിത്രങ്ങൾക്ക് ഇവിടം ലോക്കേഷനായി. പ്രിയദർശൻ സംവിധാനം ചെയ്ത ഒരു മുത്തശിക്കഥയും ഷാജി എൻ. കരുണിന്റെ ആദ്യ സിനിമ പിറവിയും. മലയാള സിനിമയ്ക്കു ദേശിയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത പിറവി അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. കാസർകോടിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രവും പിറവിയായിരുന്നു. നദികളും പാടങ്ങളും നിറഞ്ഞ ഗ്രാമീണതയിലൂടെ പഴമയുടെ ഒരു കാലം തന്നെ അദ്ദേഹം സൃഷ്ടിച്ചെടുത്തു.ഒരു കാസർകോട്ടുകാരൻ സംവിധായകന്റെ സിനിമയ്ക്കു കാസർകോട് ലൊക്കേഷനാകുന്നത് 1998-ൽ പുറത്തിറങ്ങിയ സ്നേഹസിന്ദൂരത്തിലൂടെയാണ്. 



  2000-ൽ മധുരനൊമ്പരക്കാറ്റുമായി സംവിധായകൻ‍ കമലും 2006 ൽ ഷാജൂൺ കാര്യാലിന്റെ വടക്കും നാഥനു വേണ്ടിയും വീണ്ടും മലയാള സിനിമ കേരളത്തിന്റെ വടക്കേ ദേശത്തേക്കെത്തി. മധുരനൊമ്പരക്കാറ്റിൽ വരണ്ട ഭൂമിയുടെ പശ്ചാത്തലമായപ്പോൾ‌ കാഞ്ഞങ്ങാടിന്റെ പച്ചപ്പും ഇനിയും നഷ്ടപ്പെടാത്ത തറവാട് ഭൂമിയുടെ തനിമയും വടക്കും നാഥനിൽ തെളിഞ്ഞുനിന്നു. കാസർകോഡ് എന്നും ഒരു വിങ്ങലായി നിലകൊള്ളുന്നത് എൻഡോസൾഫാൻ ഇരകളെക്കുറിച്ചാണ്. ഡോ. ബിജു 2015 ലാണ് വലിയചിറകുള്ള പക്ഷികൾ എന്ന സിനിമയിലൂടെ അവരുടെ ജീവിതത്തിലേക്ക് ക്യാമറയുമായി എത്തുന്നത്. മനോജ് കാന അമീബ എന്ന സിനിമയിലൂടെ 2016 ലും. ഇതിനു പിന്നാലെ കോമേഴ്സ്യൽ സിനിമകളും കാസർകോഡേക്ക് പതിയെ നീങ്ങുകയായിരുന്നു.

Find Out More:

Related Articles: