രൂക്ഷ വിമർശനവുമായി 'രണ്ടാംമുഖം' നിർമ്മാതാവും തിരക്കഥാകൃത്തും രംഗത്ത്! നവാഗതരായ സംവിധായകരും നിർമ്മാതാക്കളും ഇത്തരക്കാരുടെ ഇടപെടൽ മൂലം സിനിമാ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുകയാണ്. താരങ്ങളെപ്പോലും നിയന്ത്രിക്കുന്നത് ഈ ഉപജാപകസംഘങ്ങളാണ്.മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിർമ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവർമ്മയും. സിനിമാ മേഖല പൂർണ്ണമായും ചില വ്യക്തികളാൽ നിയന്ത്രിക്കപ്പെടുകയാണ്.ആര് സിനിമ ചെയ്യണം? ആര് നിർമ്മിക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം തീരുമാനിക്കുന്നത് സിനിമയിലെ ചില വ്യക്തികളാണ്. അവരെ അനുസരിക്കുന്നവരെ മാത്രമാണ് അവർ നിലനിർത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല.
സിനിമയെ തകർക്കാനേ ഇത്തരം കൂട്ടുകെട്ട് കൊണ്ട് കഴിയൂ. മലയാള സിനിമ ഒരുകാലത്ത് സൗഹൃദകൂട്ടായ്മയിൽ നിന്നാണ് പിറവിയെടുത്തിട്ടുള്ളത്. അതിലൂടെ എത്രയോ നല്ല സിനിമകളുണ്ടായി. നവാഗതരായ ഒത്തിരിപേർ സിനിമയുടെ മേഖലകളിൽ പ്രതിഭ തെളിയിച്ച് പ്രശസ്തരായി മാറി. നല്ല വളക്കൂറുള്ള മണ്ണ് പോലെയായിരുന്നു ഒരുകാലത്ത് മലയാളസിനിമാ രംഗം. ഇപ്പോൾ അതെല്ലാം മാറിമറിഞ്ഞു. ഒരാൾക്കും ഉപജാപകസംഘങ്ങളുടെ അനുമതി തേടാതെ സിനിമയിലേക്ക് കടന്നുവരാൻ കഴിയാതെയായി.എല്ലാരുടെയും അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട നിലയിലാണ്. ഒന്നും തുറന്നുപറയാനാവുന്നില്ല. അവസരങ്ങൾ നഷ്ടപ്പെടും എന്ന ഭയവും സിനിമയിലെ ഭാവിയും ഓർത്ത് താരങ്ങൾപോലും മൗനം പാലിക്കുകയാണ്.
സ്വതന്ത്ര ചിന്താഗതിയോടെ എല്ലാവർക്കും സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും സിനിമാ സംഘടനകളും മുന്നിട്ടിറങ്ങണം. കെ ടി രാജീവും ആർ ശ്രീവർമ്മയും ആവശ്യപ്പെട്ടു.ആത്മാർത്ഥമായി സിനിമയെ സമീപിക്കുകയും നല്ല സിനിമകളുണ്ടാകണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന നവാഗതർക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല. ഉപജാപകസംഘങ്ങളുടെ വാലാട്ടികളായി നടക്കുന്നവരെ മാത്രമേ സിനിമയിൽ പരിഗണിക്കുന്നുള്ളൂവെന്ന് കെ ടി രാജീവും കെ ശ്രീവർമ്മയും ആരോപിച്ചു. മലയാളസിനിമയുടെ ഭാവി തന്നെ അവതാളത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
റിലീസിനൊരുങ്ങുന്ന 'രണ്ടാം മുഖം 'എന്ന ചിത്രമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം. മിഴി, ദിനം നോർത്ത് എൻറ് അപ്പാർട്ട്മെൻറ്സ്, ഇരയെ തേടൽ, ബാൽക്കണി തുടങ്ങിയ ചിത്രങ്ങൾ ഇരുവരും നിർമ്മിക്കുകയും തിരക്കഥ ഒരുക്കുകയും ചെയ്ത സിനിമകളാണ്. നിർമ്മാതാക്കളുടെ സംഘടനയിലെ പ്രശ്നങ്ങളും സംഘടനയുടെ ആസ്ഥാനമന്ദിരം നിർമ്മിച്ചതിലെ സാമ്പത്തിക തിരിമറിയും പുറത്തുകൊണ്ടുവന്നത് കെ ടി രാജീവായിരുന്നു. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് കെ ടി രാജീവിനെ പുറത്താക്കിയിരുന്നു.