പുഷ്പ 2ൽ വിജയ് സേതുപതി വില്ലനായി എത്തുമോ? നായകനും വില്ലനുമാകാൻ കെൽപ്പുള്ള നടനെയാണ് അണിയറപ്രവർത്തകർ സമീപിച്ചിരിക്കുന്നത്. പുഷ്പയെ പൂട്ടാൻ ഫഹദിനൊപ്പം വിജയ് സേതുപതിയും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ.‘പുഷ്പ 2: ദ് റൂൾ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിൽ ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തെ സമീപിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ പുതിയ കഥാപാത്രത്തെ ഏറ്റെടുക്കാൻ വിജയ് സേതുപതി സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചിത്രത്തിൻ്റെ ആദ്യഭാഗത്തിലും വിജയ് സേതുപതിയെ പരിഗണിച്ചിരുന്നുവെങ്കിലും ചില ഡേറ്റ് പ്രശ്നങ്ങൾ മൂലം നടന് സിനിമയുടെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ഫഹദ് ഫാസിലിൻ്റെ കഥാപാത്രമായ ഭൻവർ സിംഗ് ഷെഖാവത്തിനൊപ്പം വിജയ് സേതുപതിയുടെ കഥാപാത്രവും ചേർന്ന് പുഷ്പയ്ക്ക് എതിരായി ഒന്നിക്കുമെന്നാണ് പ്രതീക്ഷ. അല്ലു അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രമായ പുഷ്പ രാജ് കെട്ടിപ്പടുത്ത സാമ്രാജ്യത്തെ തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എതിരാളിയായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒന്നിലേറെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമെന്നാണ് വിവരം, ഇതുവരെ രൂപകൽപ്പന ചെയ്തവയൊക്കെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ചെലവേറിയ ആക്ഷൻ രംഗങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.
പോസ്റ്റ്-പ്രൊഡക്ഷൻ ഒരുപാട് നീണ്ടതിനെ തുടർന്ന് 2023ൻ്റെ രണ്ടാം പകുതിയിൽ ടീം റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. പുഷ്പ സിനിമയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ഓഗസ്റ്റിൽ ആരംഭിക്കും. 6 മാസത്തിലേറെ നീണ്ടു നിൽക്കുന്ന ഒരു നീണ്ട ഷെഡ്യൂളോടെ അടുത്ത മാസം മുതൽ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തുടങ്ങാനാണ് ഇപ്പോഴത്തെ പ്ലാൻ.
അതേസമയം 'പുഷ്പ ദി റൈസ്' എന്ന അല്ലു അർജുൻ സിനിമയിൽ എസ്.പി ഭൻവർ സിംഗ് ഷെഗാവത്ത് എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവെച്ചയാളാണ് മലയാളത്തിൻറെ സ്വന്തം ഫഹദ് ഫാസിൽ. അതിന് പിന്നാലെ കമൽഹാസൻ നായനായെത്തുന്ന 'വിക്രം' സിനിമയിലും താരം അഭിനയിച്ചിരുന്നു. വിക്രത്തിന് ശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രമായി ഒരുങ്ങുകയാണ് മാമന്നൻ.