വിജയ് ബാബുവിന് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് ഡബ്ല്യുസിസി സംഘടന!

Divya John
 വിജയ് ബാബുവിന് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് ഡബ്ല്യുസിസി സംഘടന! അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് വിജയ് ബാബു ഉപയോഗിച്ചത് എന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പുറത്ത് വിട്ട കുറിപ്പിലൂടെ പറയുന്നു. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംഘടനയുടെ പ്രതികരണം. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഡബ്ല്യുസിസി രംഗത്ത്. തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്.




   കൂടാതെ ലൈംഗികാതിക്രമത്തിൻ്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു. നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങനെയാണ്. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിൻ്റെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.



  തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്. 
ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്.



  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു.

Find Out More:

WCC

Related Articles: