മലയാളികളുടെ ടീച്ചറമ്മ കെ കെ ശൈലജ വെള്ളിത്തിരയിൽ, 'വെള്ളരിക്കാപ്പട്ടണം' പ്രേക്ഷകരിലേക്കെത്തുന്നു!

Divya John
മലയാളികളുടെ ടീച്ചറമ്മ കെ കെ ശൈലജ വെള്ളിത്തിരയിൽ, 'വെള്ളരിക്കാപ്പട്ടണം' പ്രേക്ഷകരിലേക്കെത്തുന്നു! ഏറെ പുതുമയുള്ള ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണർത്തുന്ന വെള്ളരിക്കാപ്പട്ടണത്തിലൂടെ മുൻമന്ത്രിമാരായ കെ കെ ശൈലജയും, വി എസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്നുമുണ്ട്. സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിൻറെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗത സംവിധായകൻ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളരിക്കാപ്പട്ടണം' ഉടൻ പ്രേക്ഷകരിലേക്കെത്താനായി ഒരുങ്ങുകയാണ്. ചുരുക്കം അണിയറപ്രവർത്തരെ മാത്രം ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും ആവിഷ്ക്കരിച്ചത്.



    രസകരമായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കിയ വെള്ളരിക്കാപ്പട്ടണം ഒരു ഫാമിലി എൻറർടെയ്നറാണ്. പരമ്പരാഗത സിനിമാ ശൈലികളിൽ നിന്നും വ്യത്യസ്തമായാണ് 'വെള്ളരിക്കാപ്പട്ടണ'ത്തിൻറെ ചിത്രീകരണം നടന്നതെന്ന് അണിയറപ്രവ‍ർത്തകർ.  കേരളത്തിൻറെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നു. പുറത്തുവിട്ട ഗാനങ്ങൾ ഇതിനോടകം സംഗീതാസ്വാദകരുടെ മനം കവർന്നുകഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തരംഗമായി ആ ഗാനങ്ങൾ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിൻറെ കഥയാണ് വെള്ളരിക്കാപ്പട്ടണത്തിൻറെ കേന്ദ്രപ്രമേയമെന്ന് സംവിധായകൻ മനീഷ് കുറുപ്പ് പറയുന്നു. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയുമാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്.



   ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ രണ്ട് പാട്ടുകൾ പ്രശസ്ത ഗാനരചയിതാവ് കെ ജയകുമാറും മൂന്ന് പാട്ടുകൾ സംവിധായകൻ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങൾ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. സസ്പെൻസും ആക്ഷനും ത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുംവിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കൾക്ക് മോട്ടിവേഷൻ നൽകുന്ന ഒട്ടേറെ മുഹൂർത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തിൽ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകൻ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി.




 വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലായിരുന്നു വെള്ളരിക്കാപ്പട്ടണത്തിൻറെ ചിത്രീകരണം. മുൻ മന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും വി.കെ ശിവകുമാറും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, സൂരജ് സജീവ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മംഗലശ്ശേരിൽ മൂവിീസിൻറെ ബാനറിൽ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Find Out More:

Related Articles: