ഓഫീസുകൾക്ക് ശനിയും അവധി; ക്യാഷ്വൽ ലീവുകൾ കുറയ്ക്കും; പുതിയ ശുപാർശകൾ.

Divya John

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയിൽ അഞ്ച് ദിവസം പ്രവര്‍ത്തിച്ചാൽ മതിയെന്ന് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന്‍റെ ശുപാര്‍ശ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കി ഉയര്‍ത്തണമെന്നും വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മീഷൻ ശുപാര്‍ശ ചെയ്തു. എല്ലാ ശനിയാഴ്ചയും അവധി നല്‍കുന്നതോടൊപ്പം പൊതു അവധികളും ക്യാഷ്വൽ ലീവുകളും കുറയ്ക്കണമെന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇത് അംഗീകരിക്കണമോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. പ്രവൃത്തിദിവസങ്ങള്‍ കുറയ്ക്കുന്നതിലൂടെ ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ ഉണ്ടന്നാണ് കമ്മീഷൻ വിലയിരുത്തൽ

അതേസമയം, ശനിയാഴ്ച അവധി നല്‍കിയാലും മറ്റു പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയം വര്‍ദ്ധിക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ഓഫീസുകള്‍ പ്രവ‍ര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അര മണിക്കൂര്‍ ഇടവേള നല്‍കും. ഓഫീസ് സമയം ക്രമീകരിക്കുന്നതിന് അനുസരിച്ച് ആവശ്യമായ പൊതുഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ജോലിക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തങ്ങളുടെ ജോലി സമയം ക്രമീകരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയവും രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ഓഫീസുകളിൽ ഏര്‍പ്പെടുത്തേണ്ടി വരും.

നിലവിൽ സര്‍ക്കാര്‍ ജീവനക്കാര‍്ക്ക് വര്‍ഷത്തിൽ 20 ക്യാഷ്വൽ ലീവുകളാണുള്ളത്. ഇത് 12 ആയി കുറയ്ക്കാനാണ് മറ്റൊരു നിര്‍ദ്ദേശം. മറ്റ് അവധികള്‍ പൊതു അവധികല്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മെയ് ദിനം, ഓണത്തിന് രണ്ട് ദിവസം, ക്രിസ്തുമസ്, ഈദുൽ ഫിത്തര്‍, മഹാനവമി എന്നിവയായിരിക്കും പൊതു അവധികള്‍..

പ്രത്യേക അവധികളിൽ ഒരാള്‍ക്ക് എട്ടെണ്ണത്തിന് മാത്രമായിരിക്കും അവകാശമുണ്ടാകുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇവ അനുവദിക്കും. നിയന്ത്രിത അവധികള്‍ ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. ഇക്കൊല്ലം രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ 27 ദിവസം ഓഫീസുകള്‍ അവധിയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, സ്കൂളുകളുടെ സമയം ഓഫീസ് സമയത്തിന് ഒരു മണിക്കൂറെങ്കിലും മുൻപോട്ടാക്കാനും നിര്‍ദ്ദേശമുണ്ട്. രാവിലെ ഒൻപതു മണിയോടെ ഓഫീസുകള്‍ തുറക്കണമെങ്കിൽ രാവിലെ എട്ടു മണിക്കായിരിക്കും സ്കൂളുകളുടെ സമയം.

പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40 വയസ്സിൽ നിന്ന് 32 വയസ്സായി കുറയ്ക്കാനും ഭരണപരിഷ്കാര കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞ പ്രായം 18 വയസ്സിൽ നിന്ന് 19 വയസ്സാക്കി ഉയര്‍ത്തും. പരീക്ഷയെഴുതാനുള്ള പരമാവധി അവസരം പൊതു വിഭാഗത്തിന് നാല് തവണയായും പിന്നോക്കക്കാര്‍ക്ക് അഞ്ച് തവണയായും നിജപ്പെടുത്തും. പട്ടിക വിഭാഗക്കാര്‍ക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാമെന്നാണ് നിര്‍ദ്ദേശം.

Find Out More:

Related Articles: