എംപോക്‌സ്; മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു!

Divya John
 എംപോക്‌സ്; മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു! യുഎഇയിൽ നിന്നും വന്ന 38 വയസ്സുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു.എംപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ യുവാവ് ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംശയം തോന്നിയിരുന്നതിനാൽ വിദേശത്ത് നിന്നും എത്തിയ ശേഷം അധികാരുമായും യുവാവ് സമ്പർക്കം പുലർത്തിയിരുന്നില്ല. ഇതിനിടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യത്തെ എംപോക്‌സ് കേസും ഇന്ത്യയിലെ രണ്ടാമത്തെ കേസുമാണ് മലപ്പുറത്ത് സ്ഥിരീകരിച്ചത്.



കൊവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യതയുണ്ട്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.



രോഗിയെ ആംബുലൻസിൽ കൊണ്ട് പോകേണ്ടി വരുമ്പോൾ ഗൗൺ, എൻ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഇതോടൊപ്പം രോഗിയെ എത്തിക്കുന്ന ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എൻ 95 മാസ്‌കോ ട്രിപ്പിൾ ലെയർ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കിൽ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങൾ മാർഗനിർദേശമനുസരിച്ച് നിർമാർജനം ചെയ്യണം. ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. 



തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരും നൽകിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

Find Out More:

Related Articles: