ഫാദർ സ്റ്റാൻ സ്വാമിയെ തടവിലാക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നോ?

Divya John
 ഫാദർ സ്റ്റാൻ സ്വാമിയെ തടവിലാക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നോ? ഹിന്ദുത്വശക്തികൾ അധികാരത്തിലേറിയനാൾ മുതൽ ഇത്തരം സംഭവങ്ങൾ രാജ്യത്ത് തുടർച്ചയായി അരങ്ങേറുന്നതാണ്. മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയെ തടവിലാക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെയാണ് നിരവധി രോഗങ്ങൾ അലട്ടിയിരുന്ന സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നിഷേധിച്ചത്. വൈദ്യപരിശോധനാ കാര്യങ്ങൾകൂടി നിഷേധിച്ച് ഭരണകൂടം നടത്തിയ കൊലപാതകമാണ് സ്റ്റാൻ സ്വാമിയുടെ മരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്. സ്റ്റാൻ സ്വാമിയുടെ അറസ്റ്റും തുടർന്നുണ്ടായ കസ്റ്റഡി മരണവും കൊലപാതകമാണെന്ന് സി.പി.ഐ.എം പ്രതികരിച്ചു. കൃത്രിമമായി സൃഷ്ടിച്ചവയാണ് കേസിനാസ്പദമായ തെളിവുകളെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം. ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരെ ഉടൻ മോചിപ്പിക്കണമെന്ന് സി.പി.ഐ.എം. പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.






   ഭീമ കൊറെഗാവ് കേസിൽ 84 വയസ്സുകാരനായ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന വാദവുമായി രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം രംഗത്ത് വന്നത് ഇന്ത്യക്കാരിൽ വലിയ ഞെട്ടലൊന്നും സൃഷ്ടിച്ചിരിക്കാനിടയില്ല. കേസിൽ കുടുക്കാനായി മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ ഹാക്കിങ്ങിലൂടെ രേഖകൾ സ്ഥാപിച്ചുവെന്നാണ് മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്‌സനൽ കൺസൾട്ടിംഗ് അവകാശപ്പെടുന്നത്. മാവോവാദികളുടെ കത്തുകൾ എന്ന നിലയിൽ പ്രചരിപ്പിച്ച 44 രേഖകളാണ് ലാപ്‌ടോപ്പിൽ സ്ഥാപിച്ചത്. 2014 മുതൽ 2019 ജൂൺ 11 വരെയുള്ള കാലയളവിലാണ് ഹാക്കിങ് നടന്നതെന്നും സ്ഥാപനം ആരോപിക്കുന്നു.ഭീമ കൊറെഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട റോണ വിൽസിന്റേയും സുരേന്ദ്ര ഗാഡ്‌ലിങിന്റേയും ലാപ്‌ടോപ്പുകളിൽ ഹാക്കിങ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നുപേരുടെയും ലാപ്‌ടോപ് ഹാക്ക് ചെയ്ത് ഒരാളാണെന്നാണ് അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.





  ഈ സാഹചര്യത്തിലാണ് ഭീമ കൊറെഗാവ് പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹരജികളെയോ എൻ.ഐ.എ എതിർക്കരുതെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടിരിക്കുന്നത്. എതിർക്കുന്നവരെ കുടുക്കാനും ജയിലടക്കാനും കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളിലേക്കാണ് ഭീമ കൊറെഗാവ് കേസ് വിരൽ ചൂണ്ടുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം തന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന രേഖകൾ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലാകുന്നതിനുമുന്നേയുള്ള വീഡിയോ സന്ദേശത്തിലൂടെ സ്റ്റാൻ സ്വാമി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണ ഏജൻസിയായ എൻ.ഐ.എ അദ്ദേഹത്തിന്റെ വാദഗതികൾ വിശ്വാസത്തിലെടുക്കാനോ അതിന്മേൽ അന്വേഷണം ആരംഭിക്കാനോ ശ്രമിച്ചിട്ടില്ലെന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. അതേസമയം ആരാണ് ഹാക്കർമാരെന്ന് കണ്ടെത്താതിരിക്കാനുള്ള ശ്രമങ്ങളും ഹാക്കർമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് സ്ഥാപനം വെളിപ്പെടുത്തുന്നു.




   ജൂൺ 12-നാണ് പുനെ പോലീസ് സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തത്.ഭരണകൂടം ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോഴെല്ലാം അതിനെതിരെ പൊരുതി വിജയിക്കുന്നതായിരുന്നു സ്റ്റാൻ സ്വാമിയുടെ രീതി. വിചാരണ തടവുകാരെ വ്യക്തിഗത ബോണ്ടിനുമേൽ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ജാർഖണ്ഡ് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിൽ നടപടി വൈകിയതിനെ തുടർന്ന് അദ്ദേഹം സർക്കാരിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. വിചാരണ പ്രക്രിയയിലെ കാലതാമത്തിനുള്ള കാരണങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ആവശ്യം. ആദിവാസികൾക്കുവേണ്ടിയുള്ള സ്റ്റാൻ സ്വാമിയുടെ ഇത്തരം ഇടപെടലുകൾ ഭരണക്കൂടത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. എന്നാൽ തന്റെ പ്രവർത്തന മേഖലയിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായതുമില്ല.





  അതിന്റെ ഫലമായി ജാർഖണ്ഡ് സർക്കാരുമായി നിരന്തരം അദ്ദേഹം കലഹിച്ചു. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു ആ കലഹങ്ങളൊക്കെ. 'എന്റെ വഴിമുടക്കാൻ ഭരണകൂടം താൽപ്പര്യപ്പെടുന്നതിന്റെ കാരണം പാവപ്പെട്ട നിരപരാധികളായ ആദിവാസികൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ജുഡീഷ്യൽ നടപടിക്രമങ്ങൾ തടസപ്പെടുത്താൻ വേണ്ടിയാണെ'ന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് സഭാ വൈദികനുമാണ് ഫാദർ സ്റ്റാൻ സ്വാമി. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളുമായി (ഭൂമി, വനം, തൊഴിൽ, അവകാശങ്ങൾ) ബന്ധപ്പെട്ട് മൂന്നു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ജാർഖണ്ഡിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദിവാസി യുവാക്കളെ നക്‌സലുകളെന്ന് ചാപ്പകുത്തുന്ന അന്വേഷണ ഏജൻസികൾക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തിയിരുന്നു. ഇത് ഭരണകൂടത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഭരണകൂടം ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോഴെല്ലാം അതിനെതിരെ പൊരുതി വിജയിക്കുന്നതായിരുന്നു സ്റ്റാൻ സ്വാമിയുടെ രീതി.





   ഭീമ കൊറെഗാവ് കേസിലെ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ ആരോപണം. ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗങ്ങൾക്കായി പ്രവർത്തിച്ചിരുന്ന സുധ ഭരദ്വരാജ്, നാഗ്പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗ്ഡ്‌ളിങ്, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു എന്നിവരാണ് ഭീമാ കൊറെഗാവ് കേസിൽ സ്റ്റാൻ സ്വാമിയെ കൂടാതെ അറസ്റ്റിലായവർ.മറാത്ത രാജാവ് പേർഷ്വാ ബാജിറാവുവിന്റെ സൈന്യം ഭീമ-കൊറെഗാവ് തദ്ദേശീയവാസികളായ ദളിതർക്ക് യുദ്ധത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. ജാതിയിൽ താഴ്ന്നവരായ മഹർ സമുദായത്തിന് യുദ്ധത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്നായിരുന്നു പേർഷ്വാ രാജാവിന്റെയും അദ്ദേഹത്തിന്റെ സൈന്യത്തിന്റെയും വാദം. അതുകൊണ്ടുതന്നെ ദളിതരായ മഹറുകൾ ഇസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. 1818ൽ പേർഷ്വക്കെതിരെ ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം വിജയം കൈവരിച്ചു. എന്നാൽ ഈ വിജയം ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് അവകാശപ്പെട്ടതായിരുന്നില്ല. 






  ജാതിയിൽ താഴ്ന്നവരായ മഹർ സമുദായക്കാർ മറാത്തകൾക്കെതിരെ നടത്തിയ ധീരമായ പോരാട്ടവിജയമാണ് ഭീമ-കൊറെഗ് യുദ്ധം. ബ്രിട്ടീഷ് സൈന്യത്തിൽ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തിൽ നിന്നുള്ളവരായിരുന്നതുകൊണ്ടുതന്നെ ഈ യുദ്ധത്തെ ഏറ്റവും വലിയ ദളിത് യുദ്ധമായാണ് വിലയിരുത്തപ്പെടുന്നത്. ഈ യുദ്ധത്തിന്റെ 200-ാം വാർഷികത്തിന്റെ സ്മരണ പുതുക്കാൻ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദളിതർ പൂനെക്കു സമീപം ഒത്തുകൂടിയിരുന്നു. ഇവർക്കുനേരെ ഹിന്ദുത്വ ശക്തികൾ ആക്രമണമഴിച്ചുവിട്ടു. ദൃക്‌സാക്ഷികളുടെ മൊഴികളെ തുടർന്ന് ഹിന്ദു നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവർക്കെതിരെ ജനുവരി ഒന്നിന് പിംപ്രി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ജനുവരി എട്ടിന് പൂനെ പോലീസ് മറ്റൊരു എഫ് ഐ ആർ രേഖപ്പെടുത്തി. അതുപ്രകാരം 2017 ഡിസംബർ 31ന് പൂനെയിലെ ശനിവാർ വാഡയിൽ നടന്ന സംഭവത്തിന്റെ തുടർച്ചയായിരുന്നു ഈ അക്രമം. മാത്രവുമല്ല ഭീമ-കൊറെഗാവ് യുദ്ധത്തിന്റെ ഓർമ്മ പുതുക്കാൻ ഒത്തുകൂടിയ സംഘം മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായി ഒത്തുകൂടിയവരുമായി മാറി. ഇതേ തുടർന്നാണ് സ്റ്റാൻ സ്വാമിയടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ കള്ളത്തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

Find Out More:

Related Articles: