ബിജെപിയെ പുറത്താക്കൽ; മമതയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്!

Divya John
 ബിജെപിയെ പുറത്താക്കൽ;  മമതയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്! തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യസാധ്യതകൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച കോൺഗ്രസ് നേതാക്കൾ യോഗം ചേരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ വിശദീകരണം. തൃണമൂലുമായി ഒരു സഖ്യത്തിനും നീക്കമില്ലെന്ന് ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ദിനേഷ് ആർ ഗുണ്ടുവും വ്യക്തമാക്കി. ഗോവയിൽ കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂൽ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ കോൺഗ്രസിൻ്റെ നിലപാട് തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയ്ക്കു പകരം കോൺഗ്രസിനെ ആക്രമിക്കുന്ന നിലപാടാണ് തൃണമൂൽ പിന്തുടരുന്നത് എന്നും അദ്ദേഹം ആരോപിച്ചു.




   ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാനുള്ള സാധ്യതകൾ തള്ളി കോൺഗ്രസ്. ഇതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. ഗോവയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് തൃണമൂൽ കോൺഗ്രസ് ഗോവയിൽ ശക്തമായ സാന്നിധ്യമാകാനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ശ്രമിക്കുന്നത്. തുച്ഛമായ വോട്ടുവിഹിതം മാത്രമാണ് തൃണമൂലിന് ഉള്ളതെന്നും സഖ്യത്തിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. കോൺഗ്രസിൻ്റെ എംഎൽഎമാരെ തൃണമൂൽ അടർത്തിയെടുത്തെന്നും ഇപ്പോൾ അവർക്ക് സീറ്റ് ലഭിക്കാനായി സഖ്യത്തിനു ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.



  ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കാൻ മറ്റു പാർട്ടികളുടെ സഹായം തേടുമെന്ന് വ്യക്തമാക്കി ഗോവയിൽ തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മോയ്ത്ര കുറിച്ച ട്വീറ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. കോൺഗ്രസിനെയും ആം ആദ്മിയെയും ഗോവ ഫോർവേഡ് പാർട്ടിയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് പരമാവധി സംസ്ഥാനങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്. 



  ബിജെപിയ്ക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് വേണമെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ താത്പര്യമെങ്കിലും കോൺഗ്രസിന് നേതൃപദവി നൽകുന്നതിനോട് തൃണമൂലിന് യോജിപ്പില്ല. നിലവിൽ ഗോവയിൽ എൻസിപിയുമായും പ്രാദേശിക കക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായും കോൺഗ്രസിന് സഖ്യമുണ്ട്. ഇത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടരാനാണ് കോൺഗ്രസ് ധാരണ. എന്നാൽ മറ്റൊരു പ്രാദേശിക കക്ഷിയായ എംജിപിയുമായി സഖ്യം രൂപീകരിച്ച മമത കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി ചേർന്ന് സംസ്ഥാനത്ത് ബിജെപിയ്ക്കെതിരെ വിശാലമായ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

Find Out More:

Related Articles: