രാജ്യ വ്യാപക പ്രതിഷേധം ആറാം തിയ്യതി!
ഫെബ്രുവരി ആറിന് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷകർ.ഫെബ്രുവരി ആറിന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനം ഭാരതീയ കിസാൻ യൂണിയൻ (ആർ) നേതാവ് ബൽബീർ സിങ് രാജേവാൽ ആണ് അറിയിച്ചത്. കർഷകർ പ്രതിഷേധിക്കുന്ന സ്ഥലങ്ങളിലെ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും ബജറ്റിൽ കർഷകരെ അവഗണിച്ചതിലുമുള്ള മറുപടിയാണിതെന്ന് കർഷകർ പറഞ്ഞു.താങ്ങുവില നൽകി വിളകൾ സംഭരിക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് കഴിഞ്ഞ വർഷം 1,36,600 കോടി രൂപ വകയിരുത്തിയിരുന്നു.
എന്നാൽ കുറച്ച് തുക മാത്രമാണ് ചെലവഴിച്ചത്. ഈ നീക്കം എഫ്സിഐ അടച്ചുപൂട്ടുന്നതിനാണോയെന്ന് കർഷകർ സംശയിക്കുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചോ തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ബജറ്റിൽ പരാമർശം ഇല്ല. തങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. അതേസമയം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2021-22 പൊതു ബജറ്റ് എല്ലാവരുടേയും ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന് അവതരണ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഭൂതപൂർവ്വമായ സാഹചര്യങ്ങൾക്കിടയിലാണ് ഇത്തവണ ബജറ്റ് അവതരണം ഉണ്ടായത് എന്ന് കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ചപ്പോടോടെ ഉള്ള ബജറ്റ് യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, തങ്ങൾ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണ് നൽകിയത്.
ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യ വർദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവെച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കർഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.