പരിസുകാരി ലക്ഷ്മി തനി ലോക്കൽ

Divya John

  മുകളിൽ പറഞ്ഞതു പോലെ പാരീസ് ലക്ഷ്മി കട്ട ലോക്കൽ ആണ്. അതു പക്ഷേ സ്വഭാവത്തിലല്ല, യാത്രകളുടെ കാര്യത്തിലാണെന്ന് മാത്രം. ഫ്രാൻസിൽ നിന്നു പറന്നെത്തി മലയാളത്തിന്റെ സ്വന്തമായിത്തീർന്ന പാരിസ് ലക്ഷ്മി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തന്റെ നൃത്തമാണ്, അതിനൊപ്പം യാത്രകളും. നേരത്തെ പറഞ്ഞ കട്ട ലോക്കൽ എന്നത് പുള്ളിക്കാരിയുടെ യാത്ര സ്റ്റൈലാണ്. ചെറുപ്പകാലം മുതൽ നിരവധി യാത്രകൾ ലക്ഷ്മി നടത്തിയിട്ടുണ്ടെങ്കിലും അവയിലൊക്കെ തനിക്ക് ഓർത്തെടുക്കാൻ കഴിയുന്നത് ഓരോ നാട്ടിലെയും സാധാരണ ജീവിതങ്ങളാണ് എന്നുപറയുന്നു ലക്ഷ്മി.

   ജനിച്ചത് തെക്കൻ ഫ്രാൻസിലായിരുന്നെങ്കിലും ലക്ഷ്മിയെന്ന മറിയം സോഫിയയ്ക്കും മാതാപിതാക്കൾക്കും ഇന്ത്യയായിരുന്നുയെല്ലാം. കുടുംബത്തോടൊപ്പം ആദ്യമായി ഇന്ത്യ സന്ദർശിക്കുമ്പോൾ വെറും അഞ്ച് വയസ്സായിരുന്നു ലക്ഷ്മിക്ക് പ്രായം. പാരിസ് ലക്ഷ്മിയെന്ന പേര് വന്നത് താൻ പാരിസുകാരിയായതിനാൽ അല്ലെന്നാണ് ലക്ഷ്മി പറയുന്നത്. സൗത്ത് ഫ്രാൻസിലെ ആക്സ് എൻ പ്രൊവിൻസാണ് യഥാർഥത്തിൽ ലക്ഷ്മിയുടെ ജന്മസ്ഥലം. എന്നാൽ പെട്ടെന്ന് തിരിച്ചറിയാനായി പാരിസ് എന്ന പ്രശസ്ത സ്ഥലത്തിന്റെ പേര് തനിക്കൊപ്പം ചേർക്കുകയായിരുന്നുവത്രേ.

പ്രകൃതിയ്ക്കൊപ്പം നടക്കാനാണ് ലക്ഷ്മിയ്ക്ക് കൂടുതലും ഇഷ്ടം. നൃത്തത്തോളം തന്നെ താൻ സ്നേഹിക്കുന്ന ഒന്നാണ് പ്രകൃതിയെന്നും ഏത് യാത്രയും അതിനോട് ഇണക്കി നടത്താനാണ് ഏറെ ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. കേരളത്തിന്റെ അങ്ങോളമിങ്ങോളം യാത്ര നടത്തിയിട്ടുണ്ട്. ഏറ്റവും ഇഷ്ടമെന്നു ചോദിച്ചാൽ കേരളം മൊത്തത്തിൽ അങ്ങ് ഇഷ്ടം തന്നെയാണ്. എങ്കിലും വയനാടൻ സൗന്ദര്യം മുഴുവനായി നുകരാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ലക്ഷ്മിയുടെ പരിഭവം. വയനാടിന്റെ ഭംഗി അത് ഒരു  സംഭവം തന്നെയാണ്. ആ തണുപ്പും പ്രകൃതിയുടെ കുളിർമയും ഒന്നും ആസ്വദിക്കാൻ ഇന്നുവരെ എനിക്ക് സാധിച്ചിട്ടില്ല. പറഞ്ഞും കേട്ടും ഒത്തിരി അനുഭവങ്ങൾ ഉണ്ടെങ്കിലും വയനാടിനെ ശരിക്കും അടുത്തറിയാൻ ഇതുവരെ സാധിക്കാത്തത് ശരിക്കും ഒരു സങ്കടം തന്നെയാണ്. 

   പ്രോഗ്രാമുകൾക്ക് അല്ലാതെ യാത്രകൾ വളരെ കുറവാണ്, പ്രത്യേകിച്ച് ഭർത്താവ് പള്ളിപ്പുറം സുനിലിന് ഒപ്പമുള്ളത്. അധികം വൈകാതെ തന്നെ വയനാടിന്റെ സൗന്ദര്യത്തിലേക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ലക്ഷ്മിയുടെ തീരുമാനം. മോഹിപ്പിക്കുന്ന ആ വയനാടൻ ചുരങ്ങളിലെ തണുപ്പ് നുകരാൻ ലക്ഷ്മിയെ പോലെതന്നെ ആർക്കും ഉണ്ടാകും ഒരു കൊതി. യാത്രകളോട് കട്ട പ്രേമം ഉള്ളവർ ഒരിക്കലെങ്കിലും വയനാടിന്റെ നാട്ടു വഴികളിലൂടെയും കാട്ടരുവികളിലൂടെയും ഒന്നു നടക്കണം. 

   മൂന്നോ നാലോ വർഷങ്ങൾക്കുശേഷമാണ് ലക്ഷ്മി തന്റെ  ജന്മ സ്ഥലത്ത് സന്ദർശനം നടത്തിയത്. കേരളത്തിന്റെ സ്വന്തം ആയതിനുശേഷം തന്റെ നാട് പോലും ചിലപ്പോഴൊക്കെ മറന്നു പോകാറുണ്ട്. അതിനു കാരണം ഈ നാടിന്റെ നന്മയും സ്നേഹവും തന്നെ. ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര നടത്തുന്ന ലക്ഷ്മിക്ക് ചിലപ്പോഴൊക്കെ ഇത്തരം സന്ദർഭങ്ങൾ നഷ്ടപ്പെട്ടു പോകുന്നു. അതുകൊണ്ടാണ് ഏറെ നാളുകൾക്കു ശേഷം തന്റെ ബന്ധുക്കളെയും  നാടിനെയും കാണാൻ ലക്ഷ്മി ഫ്രാൻസിലേക്ക് പറന്നത്. കാര്യം ഫ്രാൻസുകാരി ഒക്കെ തന്നെ.

 

    എന്നാൽ ലക്ഷ്മിയുടെ ജന്മസ്ഥലമായ ആക്സ് എൻ പ്രൊവിൻസും പാരീസും ഫ്രാൻസിന്റെ രണ്ടറ്റങ്ങൾ ആണ്. എന്നുവെച്ചാൽ പാരീസ് അങ്ങ് വടക്ക് ആണെങ്കിൽ ലക്ഷ്മിയുടെ നാട് ഇങ്ങേയറ്റം തെക്കാണ്. എന്നിട്ടും അറിയപ്പെടുന്നത് പാരീസിന്റെ പേരിലും. സ്വന്തം നാടും ഏതാണ്ട് ഇന്ത്യ പോലെയൊക്കെ തന്നെയാണ് എന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.  കാലാവസ്ഥയുടെ കാര്യത്തിലാണെങ്കിലും മറ്റു കാര്യങ്ങളിലും ഏതാണ്ട് സമാന സ്വഭാവമാണ് ഈ രണ്ടിടങ്ങളിലും എന്നാണ് ലക്ഷ്മി വിലയിരുത്തുന്നത്.

Find Out More:

Related Articles: