രണ്ടാം ദിനം ഉഷാറോടെ ഇന്ത്യ

VG Amal
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തിളങ്ങി ഇന്ത്യ. മായങ്ക് അഗര്‍വാളിന്റെ ഇരട്ടസെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാര (54), അജിന്‍ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും ബലത്തില്‍ ആറ് വിക്കറ്റിന് 493 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 150 റണ്‍സിനേക്കാള്‍ 343 റണ്‍സ് മുന്നിലാണ് ഇന്ത്യ. 76 പന്തില്‍ 60 റണ്‍സുമായി രവീന്ദ്ര ജഡേജ, 10 പന്തില്‍ 25 റണ്‍സുമായി ഉമേഷ് യാദവ് എന്നിവരാണ് ക്രീസില്‍. 

രണ്ടാം ദിനം, ഇരട്ട സെഞ്ചുറി കരുത്തില്‍ തന്റെ പേരിലാക്കുകയായിരുന്നു മായങ്ക് അഗര്‍വാള്‍. ഇരട്ടസെഞ്ചുറി കുറിച്ച മായങ്ക് ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറും കുറിച്ചാണ് മടങ്ങിയത്. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിയ്ക്ക് എതിരെ മായങ്ക് ഡബിള്‍ തികച്ചിരുന്നു. 330 പന്തില്‍ 28 ഫോറും 8 സിക്‌സും അടക്കം 243 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിനെ ഹസ്സന്‍ മിര്‍സയാണ് പുറത്താക്കിയത്.  

Find Out More:

Related Articles: