കേന്ദ്രത്തിന് 1.76 ലക്ഷം കോടി കൈമാറാമെന്ന് റിസർവ് ബാങ്ക്; സർക്കാരിന് ആശ്വാസം
മുംബൈ ∙ റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക കരുതൽ ധനത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാമെന്ന മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ സമിതിയുടെ ശുപാർശയ്ക്കു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോർഡിന്റെ അംഗീകാരം. കേന്ദ്ര സർക്കാരിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.
ശുപാർശ ആർബിഐ കേന്ദ്ര ബോർഡ് അംഗീകരിച്ചതോടെ അടുത്ത വർഷം മാർച്ചിനുള്ളിൽ കേന്ദ്ര സർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുക റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. റിസർവ് ബാങ്കിന്റെ 2018–19 സാമ്പത്തിക വർഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉൾപ്പെടെ 1,76,051 കോടി രൂപയാണ് ഇത്തരത്തിൽ കൈമാറാൻ തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്.
റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ തോത് നിർണയിക്കാനായി മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ ആറംഗ പാനലിനെ കഴിഞ്ഞ ഡിസംബറിലാണ് നിയമിച്ചത്. ഈ സമിതിയുടെ അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്കിന് സമർപ്പിച്ചത്. ആർബിഐയുടെ പക്കൽ ഒൻപതു ലക്ഷം കോടി രൂപയുടെ കരുതൽ ധനം ഉണ്ടെന്നായിരുന്നു കണക്കുകൾ. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സർക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് ആർബിഐയും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് വിഷയം പഠിക്കാൻ ബിമൽ ജലാൻ സമിതിയെ നിയോഗിച്ചത്.
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ ആർബിഐയുടെ പക്കലുള്ള അധിക കരുതൽ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക മൂലധനം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാൻ ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിലപാട്.
കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് ആർബിഐ മുൻ ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഉർജിത് പട്ടേലിന്റെ രാജിയിലേക്കു നയിച്ചതും ഇത്തരം അഭിപ്രായഭിന്നതകളായിരുന്നു..