അരവിന്ദ് കെജ്രിവാളും മോദിയും തമ്മിൽ വ്യത്യാസമില്ല എന്ന് രാഹുൽ ഗാന്ധി! വാഗ്ദാനങ്ങൾ നൽകുന്നതിലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി മോദിയും ഒരുപോലെയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കെജ്രിവാൾ ഗൗതം അദാനിക്കെതിരെ എന്തെങ്കിലും വാക്ക് പറഞ്ഞിട്ടുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഷീല ദീക്ഷിത് സർക്കാരിൻ്റെ കാലത്ത് കോൺഗ്രസ് ചെയ്തതുപോലെ ഡൽഹിയിൽ വികസനം കൊണ്ടുവരുവാൻ കെജ്രിവാളിനോ ബിജെപിക്കോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ പരിപാടികൾ കടുപ്പിച്ച് മുന്നണികൾ. രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. രാഹുൽ ഗാന്ധി ശ്രമിക്കുന്നത് കോൺഗ്രസിനെ രക്ഷിക്കാൻ ആണ്. എന്നാൽ ഞാൻ ശ്രമിക്കുന്നത് രാജ്യത്തെ രക്ഷിക്കാനാണെന്നും കെജ്രിവാൾ ആഞ്ഞടിച്ചു.
'ഇന്ന് രാഹുൽ ഗാന്ധി ഡൽഹിയിൽ വന്നു. അദ്ദേഹം എന്നെ ഒരുപാട് അധിക്ഷേപിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ പ്രസ്താവനകളെക്കുറിച്ച് ഞാൻ പ്രതികരിക്കില്ല' എന്നും കെജ്രിവാൾ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിൽ കുറിച്ചു.ജാതി സെൻസസ് വിഷയത്തിൽ ആം ആദ്മി പാർട്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ദേശീയ തലസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഡൽഹിയിൽ ജാതി സർവേ നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുൻകാലങ്ങളിലെന്ന പോലെ വികസനം ഉറപ്പാണ്. ബിജെപിക്കോ കെജ്രിവാളിനോ കഴിയാത്തതു കോൺഗ്രസ് ചെയ്യും.- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടുതവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. അതേസമയം, ഇന്ത്യ മുന്നണിയുടെ ഭാഗമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഇരുപാർട്ടികളും ഒരുമിച്ചാണ് നേരിട്ടത്. എന്നാൽ ഒരു സീറ്റ് പോലും നേടാൻ ഇന്ത്യ മുന്നണിക്ക് സാധിച്ചില്ല.ദേശീയ തലസ്ഥാനത്തെ മലിനീകരണം, നാഗരിക സൗകര്യങ്ങളിലെ വികസനം, ക്രമസമാധാനം എന്നിവ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എഎപിക്കും ബിജെപിക്കും എതിരെ ഡൽഹി കോൺഗ്രസ് 12 പോയിന്റുകൾ ഉൾപ്പെടുത്തി ധവളപത്രം പുറത്തിറക്കുകയും ചെയ്തു.'കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അരവിന്ദ് കെജ്രിവാൾ പറഞ്ഞത് എല്ലാവരുടെയും ഓർമയിലുണ്ടാകും.
ഡൽഹി വൃത്തിയാക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും രാജ്യതലസ്ഥാനം പാരീസാക്കി മാറ്റുമെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത്? തലസ്ഥാനത്ത് മലിനീകരണം കാരണം ഒരാൾക്ക് ചുറ്റിക്കറങ്ങാൻ കഴിയില്ല, പണപ്പെരുപ്പം ഉയരുകയാണ്. ഡൽഹിയിൽ മലിനീകരണവും അഴിമതിയും വിലക്കയറ്റവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു' എന്നും സീലംപൂരിൽ നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധി പറഞ്ഞു.