ഇരട്ടജീവപര്യന്തം കിട്ടിയവരെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പാർട്ടി; തീവ്രവാദ സംഘടനയോയെന്ന് വിഡി സതീശൻ! ഇരട്ടജീവപര്യന്തം കിട്ടിയവരെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി തീവ്രവാദ സംഘടനയാണോ എന്ന് വിഡി സതീശൻ ചോദിച്ചു. കേരളം ഭരിക്കുന്ന പാർട്ടി വളർന്നുവരുന്ന തലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നത്. എന്ത് ചെയ്താലും ഒപ്പം നിൽക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെങ്കിൽ സിപിഎം ഈ ചെയ്യുന്നതിൽ ദുഖിക്കേണ്ടി വരുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ സമരങ്ങളിൽ ജയിലിൽ പോയവരെയല്ല മറിച്ച് കൊലക്കേസ് പ്രതികളെയാണ് സിപിഎം നേതാക്കൾ കൈകൊടുത്ത് സ്വീകരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഇത് വളർന്നുവരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ച കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. എഫ്ഐആർ എടുത്തതിനെതിരെ കോൺഗ്രസ് പാർട്ടി ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. പാർട്ടി അന്വേഷണം പോലീസ് അന്വേഷണത്തെ ബാധിക്കില്ല. സിപിഎമ്മിനെ പോലെ പാർട്ടി കോടതി അന്വേഷിച്ച് തീരുമാനം എടുക്കലല്ലെന്നും സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിൽ പൊലീസ് അന്വേഷണം ഉണ്ടാകാറില്ല, പാർട്ടി അന്വേഷണം മാത്രമെ നടക്കാറുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേസ് ഒതുക്കി തീർക്കാനല്ല, കുടുംബത്തെ എങ്ങനെ സഹായിക്കാം എന്നാണ് കോൺഗ്രസ് ഇപ്പോൾ ആലോചിക്കുന്നത്. പാർട്ടി അന്വേഷണ സമിതിയുടെ റിപ്പോർട്ട് വന്നതിനു ശേഷം അതിൽ തീരുമാനം എടുക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടി സമിതി അന്വേഷണം നടത്തുന്നതിനിടയിൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോൺഗ്രസ് ഈ വിഷയത്തിൽ സത്യസന്ധവും നീതിപൂർവകവുമായ നടപടിയെ സ്വീകരിക്കൂകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പി.വി അൻവറുമായി ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടിയും യുഡിഎഫും സ്വീകരിക്കുമെന്നും വിഡി സതീശൻ അറിയിച്ചു. രണ്ടു ദിവസം മുൻപാണ് തനിക്ക് പരാതി ലഭിച്ചത്. എൻഎം വിജയനെ വ്യക്തിപരമായി അറിയാമായിരുന്നെങ്കിലും കത്തിൽ പറയുന്ന വിഷയങ്ങൾ ഒന്നും അദ്ദേഹം നേരത്തെ തന്നോട് സൂചിപ്പിച്ചിട്ടില്ല. കെപിസിസി പ്രസിഡന്റിനും ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയില്ലെന്നാണ് താൻ കരുതുന്നത്. അറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ കാര്യങ്ങൾ ആവെശിക്കുമായിരുന്നു.
കുടുംബത്തിന് പാർട്ടി നേതാക്കൾ വഴി സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോയെന്നും അതാണോ ആത്മഹത്യയ്ക്ക് കാരണം എന്നൊക്കെ അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.കോൺഗ്രസ് നേതാവ് എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോടും വിഡി സതീശൻ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പാർട്ടി പാർട്ടിയുടെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നുമാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ റിപ്പോർട്ട് വന്നാൽ പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു.