കൊട്ടിക്കലാശം കഴിഞ്ഞു; പാലക്കാട് അങ്കം, ബുധനാഴ്ച അറിയാം വിധി!
മൂന്ന് ഇടങ്ങളിലായി ആകെ ഏഴു വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. ഈ മാസം 23നാണ് വോട്ടെണ്ണൽ. ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സി കൃഷ്ണകുമാർ (ബിജെപി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്, ചിഹ്നം: കൈ), ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം: സ്റ്റെതസ്കോപ്പ്), എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി (സ്വതന്ത്രൻ, ചിഹ്നം: തെങ്ങിൻ തോട്ടം), എൻഎസ്കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പു കർഷകൻ), എസ് ശെലവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രൻ, ചിഹ്നം: ബാറ്ററി ടോർച്ച് ) എന്നിവരാണ് സ്ഥാനാർഥികൾ.
വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ പരസ്യ പ്രചാരണം അവസാനിച്ചതോടെ പാലക്കാട് ചൊവ്വാഴ്ച നിശബ്ദപ്രചാരണത്തിലേക്ക് കടക്കും. ബുധനാഴ്ച രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പി സരിൻ്റെയും സന്ദീപ് വാര്യരുടെയും കൂടുമാറ്റം, ഉൾപ്പാർട്ടി പോര്, അർധരാത്രിയിലെ റെയ്ഡ്, പെട്ടി വിവാദം, ഇരട്ടവോട്ട് ആരോപണം തുടങ്ങി സംഭവബഹുലമായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്.
നടൻ രമേഷ് പിഷാരടി, സന്ദീപ് വാര്യർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ രാഹുലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. വിക്ടോറിയ കോളേജ് പരിസരത്തുനിന്നാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ്റെ റോഡ് ഷോ ആരംഭിച്ചത്. മന്ത്രി എംബി രാജേഷ്, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു തുടങ്ങിയവരും സരിനൊപ്പം വാഹനത്തിൽ സാന്നിധ്യം അറിയിച്ചു. മേലാമുറി ജങ്ഷനിൽനിന്ന് ആരംഭിച്ച എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, തുഷാർ വെളളാപ്പള്ളി തുടങ്ങിയവർ അണിനിരന്നു.