പുതിയ പാർട്ടി രൂപീകരിക്കും; പിവി അൻവർ പ്രഖ്യാപിച്ചു! മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാർട്ടിയായിരിക്കും രൂപീകരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം സ്വതന്ത്ര എംഎൽഎ ആയിരുന്ന പിവി അൻവർ. സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ അൻവർ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും സിപിഎം പാർലമെൻററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് നിലമ്പൂർ എംഎൽഎ വ്യക്തമാക്കിയത്. ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അൻവർ രൂക്ഷവിമർശനവും നടത്തി.
ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെൻറ് നടത്തിയെന്നാണ് അൻവറിൻറെ ആരോപണം. 'ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണ്. അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പി ആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.' പിവി അൻവർ എംഎൽഎ പറഞ്ഞു. സിപിഎമ്മിൽ നിന്ന് ഒരു ഹിന്ദു പുറത്തുപോയാൽ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കിൽ സുഡാപ്പിയും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാർട്ടിയിൽ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്ക് സിപിഎം ചാർത്തി കൊടുക്കുന്ന പേരുകളാണ്.
അതുകൊണ്ട് മാപ്ലയായ എനിക്ക് അവർ പേര് ചാർത്തുമെന്ന കാര്യം ഉറപ്പല്ലേയെന്നും അൻവർ പറഞ്ഞു. ഇനി പറയാതിരുന്നിട്ട് കാര്യമില്ല, യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവും. മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും പിവി അൻവർ പറഞ്ഞു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. മാന്യമായി ഒഴിഞ്ഞു നിൽക്കാനുള്ള സാഹചര്യമാണ്. വസ്തുതകൾ പുറത്തുവരുന്നതു വരെ മാറിനിൽക്കാമെന്ന് അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളോട് പറയാമല്ലോ. മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം.
ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. വേറെ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ടല്ലോ. ഞാനാണ് ആ പദവിയിലെങ്കിൽ മാറും. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിൽ ജില്ലാതല വിശദീകരണ യോഗം നടത്തും. ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു ലക്ഷം പേർ വർഗീയവാദികളാണോയെന്നും അൻവർ ചോദിച്ചു. സ്വർണക്കടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോ? എന്നെയും ഉൾപ്പെടുത്തട്ടെ. സുജിത്ത് ദാസും ശശിയുമാണ് സ്വർണക്കടത്തും പൊട്ടിക്കലും ഉരുക്കലുമൊക്കെ നടത്തിയതെന്നും അൻവർ ആരോപിച്ചു. അന്വേഷണത്തിന് വെല്ലുവിളിക്കുകയാണ്. ഇന്നലെ കുറച്ചു മയപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലെ ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.