റെയിൽ സാഗർ പദ്ധതി; ബാലരാമപുരം - കാട്ടാക്കട - നെടുമങ്ങാട് പാത വരുമോ?

Divya John
 റെയിൽ സാഗർ പദ്ധതി; ബാലരാമപുരം - കാട്ടാക്കട - നെടുമങ്ങാട് പാത വരുമോ? തിരുവനന്തപുരം - പുനലൂർ റെയിൽപാതയുടെ ആദ്യ ഘട്ടമായി റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി 26 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം - നെടുമങ്ങാട് പാത നിർമിക്കണമെന്നാണ് ആവശ്യം. ബാലരാമപുരം - കാട്ടാക്കട - നെടുമങ്ങാട് പാതയുടെ രണ്ടാം ഘട്ടത്തിൽ നെടുമങ്ങാട് നിന്നു പാത നീട്ടി വെഞ്ഞാറമൂട്, കിളിമാനൂർ അഞ്ചൽ വഴി പുനലുരിൽ കൊല്ലം - ചെങ്കോട്ട പാതയിൽ ബന്ധിപ്പിക്കുകയും മൂന്നാം ഘട്ടത്തിൽ കിളിമാനൂരിൽ നിന്ന് ആറ്റിങ്ങൽ വഴി ലിങ്ക് റെയിൽപാത നിർമിച്ച് കൊല്ലം - തിരുവനന്തപുരം പാതയുമായി ബന്ധിപ്പിച്ചാൽ തിരുവനന്തപുരത്തിന് സർക്കുലർ റെയിൽവേ സംവിധാനവും ലഭിക്കും.  തലസ്ഥാനത്തെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കും നെടുമങ്ങാട് നഗരത്തിനും വികസനക്കുതിപ്പേകുന്ന ബാലരാമപുരം - കാട്ടാക്കട - നെടുമങ്ങാട് റെയിൽവേ പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.



നെടുമങ്ങാട് നഗരസഭ യിൽ ജനസംഖ്യ 62,000 ത്തിന് മുകളിൽ ഉണ്ട്. അടിയന്തരമായി നെടുമങ്ങാടിനെ റെയിൽവേ ശൃംഖലയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കു കത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50,000 ജനസംഖ്യയുള്ള പട്ടണങ്ങളിൽ റെയിൽവേ സൗകര്യം ലഭ്യമാക്കണമെന്ന പഠന റിപ്പോർട്ട് റെയിൽവേയുടെ മുന്നിലുണ്ട്. റെയിൽവേ ശൃംഖലയിൽ നെടുമങ്ങാടിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം പാർലമെൻറിലും തുടർച്ചയായി ഉന്നയിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു. പുതിയ റെയിൽപാത യാഥാർഥ്യമായാൽ തിരുവനന്തപുരം നഗരത്തിൻറേത് മാത്രമല്ല, പത്തനംതിട്ട, പുനലൂർ തുടങ്ങിയ മേഖലകളുടെ വളർച്ചക്കും ഇതര മലയോര മേഖലയിലുമെല്ലാം പാത വലിയ മാറ്റം കൊണ്ടുവരും.



 വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള നിർദ്ദിഷ്ട തുരങ്കപാതയും ബാലരാമപുരത്താണ് അവസാനിക്കുന്നത്. ഒൻപത് കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. നിലവിലെ റെയിൽപ്പാതയിൽ വിഴിഞ്ഞം തുരങ്കപാത ചെന്നു മുട്ടും. ഇതേ സ്ഥലത്തു തന്നെയാണ് എരുമേലി - വിഴിഞ്ഞം പാതയും വന്നുചേരുക. ഔട്ടർ റിങ് റോഡിന് സമാന്തരമായി ബാലരാമപുരം - കാട്ടാക്കട - നെടുമങ്ങാട് റെയിൽപാത കൂടിവന്നാൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കും നെടുമങ്ങാട് നഗരത്തിനും റെയിൽവേ സൗകര്യം ലഭിക്കും. തിരുവനന്തപുരം- പുനലൂർ റെയിൽ പാതയുടെ സാധ്യതകളെ കുറിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുമെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പറഞ്ഞു.

Find Out More:

Related Articles: