കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു: വികാരനിർഭരമായ നിമിഷമെന്ന് അതിഷിയും! ഇന്ന് വൈകീട്ട് നാലരയോടെ ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിലെത്തിയാണ് കെജ്രിവാൾ രാജിക്കത്ത് കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി അതിഷി മാർലെന ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടി നേതാക്കൾ കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. കെജ്രിവാൾ മന്ത്രിസഭയിലെ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇവർ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്. പാർട്ടി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിനാൽ അതിഷി വരും ദിവസങ്ങളിൽ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.
അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു.ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു, അടുത്ത തെരഞ്ഞെടുപ്പിലും ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിക്കും. കെജ്രിവാളിൻ്റെ രാജിയിൽ ഡൽഹി മുഴുവൻ ദുഖത്തിലാണെന്ന് അതിഷി പറഞ്ഞു. നിയമസഭാ കക്ഷി യോഗത്തിലാണ് അതിഷിയെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠേന തെരഞ്ഞെടുത്തത്. സർക്കാരിൽ ഉപമുഖ്യമന്ത്രി ഉണ്ടാകില്ലെന്നും കൽക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി സെപ്റ്റംബർ 26, 27 തീയതികളിൽ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ കെജ്രിവാളിലെ മാറ്റിനിർത്താനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കെജ്രിവാൾ ആഹ്വാനം ചെയ്തിരുന്നു. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയെ നേരത്തെ നിശ്ചയിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങി മണിക്കൂറുകൾക്കകം കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ തീരുമാനിക്കുകയും പ്രഖ്യാപനം നടത്തുകയുമായിരുന്നു. കേസിൽ ജാമ്യം ലഭിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭരണത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്.
മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ കെജ്രിവാൾ ജയിലിൽ കഴിഞ്ഞ ആറ് മാസവും മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാളിൻ്റെ രാജി പാർട്ടിക്കും ഡൽഹിയിലെ ജനങ്ങൾക്കും വികാരനിർഭരമായ നിമിഷമാണെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അതിഷി പറഞ്ഞു. അരവിന്ദ് കെജ്രിവൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇത് പാർട്ടിക്കും ജനങ്ങൾക്കും വൈകാരിക നിമിഷമാണെന്ന് അവർ കൂട്ടിച്ചേർത്തു.