ആമയിഴഞ്ചാൻ തോട് മാലിന്യം; അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി! ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. 18ന് രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം. ശനിയാഴ്ച രാവിലെ 11:30 ഓടെയാണ് അപകടം. തോട് വൃത്തിയാക്കുന്നതിനിടെ കനത്ത മഴ പെയ്യുകയും ജോയി ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കരയ്ക്ക് കയറി ജോയിക്ക് കയറിട്ട് നൽകിയെങ്കിലും രക്ഷപ്പെടാനായില്ല. 46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെ പഴവങ്ങാടി തകരപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് ജോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മാരായമുട്ടം സ്വദേശി ജോയി (47) ക്കാണ് ജീവൻ നഷ്ടമായത്.
അതേസമയം ജോയിയുടെ മരണത്തിൽ ഇടപെട്ട ഹൈക്കോടതി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ്ക്യൂറിയെ നിയമിച്ചു. നിലവിൽ പരസ്പരം പരിചാരാനുള്ള സമയമല്ലെന്നും മാലിന്യപ്രശ്നത്തിൽ അടിയന്തര പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് അടിയന്തരമായി തടയണമെന്ന് തിരുവനന്തപുരം കോർപറേഷന് കോടതി നിർദേശം നൽകി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം ഉടൻ നീക്കം ചെയ്യണമെന്ന് കോടതി റെയിൽവേയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.
ജോയിയുടെ മരണത്തെ തുടർന്ന് ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ആരോപണ പ്രത്യാരോപണം തുടരുകയാണ്. റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്താണ് അപകടം നടന്നതെന്നും ഇല്ലാത്ത ഉത്തരവാദിത്തം കൂടി സർക്കാരിൻ്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.