മലയാളിക്ക് ഇഷ്ടം 'ജയയും കുറുവയും: കേന്ദ്രം തരുന്നത് 'പൊന്നി അരിയും!

Divya John
 മലയാളിക്ക് ഇഷ്ടം 'ജയയും കുറുവയും: കേന്ദ്രം തരുന്നത് 'പൊന്നി അരിയും! കേരള സർക്കാരിൻറെ കെ അരി പ്രഖ്യാപനം തുടങ്ങി അഞ്ച് വർഷക്കാലമായിട്ടും യാതൊരു അനക്കവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഭാരത് അരി കേരളത്തിലേക്ക് വന്നത്. എന്നാൽ, കേരളത്തിൽ ഭാരത് അരി വിതരണം ചെയ്തതോടെ സംസ്ഥാന സർക്കാരും ഇതിന് ബദൽ മാർഗം തേടുകയാണെന്നാണ് റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിറക്കിയ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ അരി വിതരണത്തിന് ആലോചന തുടങ്ങിയതായി മാതൃഭൂമി ഡോട് കോം.  കേരളത്തിൻറെ സ്വന്തം ബ്രാൻഡ് എന്ന പേരിൽ ഇറക്കാനിരുന്ന പദ്ധതിയാണ് 'കെ അരി അഥവാ കെ റൈസ്'. എന്നാൽ, പദ്ധതി പ്രഖ്യാപിച്ച് അഞ്ചുവർഷമായിട്ടും കേരള റൈസ് പദ്ധതി എങ്ങുമെത്തിയിട്ടില്ല.



ഇതിനായി കേരള റൈസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിരുന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരും റൈസ് ടെക്നോളജി പാർക്കുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിലൂടെ കേരളത്തിൻറെ സ്വന്തം ബ്രാൻഡ് അരി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, പ്ലാൻറിന് കരാർ പോലുമായില്ല. 2019 ൽ കെട്ടിടനിർമാണം ആരംഭിച്ചു. കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ അഞ്ചേക്കർ ഭൂമിയിൽ 40 കോടിയുടെ റൈസ് ടെക്നോളജി പാർക്കിനായാണ് കെട്ടിടം നിർമാണം ആരംഭിച്ചത്. എന്നാൽ, കരാറുകാരെ കിട്ടിയില്ല. ഇതിനായി പ്ലാൻറിനും സംഭരണശാലയ്ക്കും അഞ്ച് തവണയാണ് ടെൻഡർ വിളിച്ചത്. ഏറ്റവും ഒടുവിൽ വിളിച്ച ടെൻഡറിൽ കഞ്ചിക്കോട്ടെ റൈസ് ടെക്നോളജി പാർക്കിന് കരാറുകാരെ കിട്ടിയെന്നും പരിശോധന നടത്തിയ ശേഷം പ്ലാൻറ് നിർമാണത്തിന് അനുമതി നൽകുമെന്നും അധികൃതർ അറിയിക്കുകയായിരുന്നു.



ചെങ്ങന്നൂരിലെ കോട്ട പ്രഭുറാം മിൽസ് വളപ്പിൽ റൈസ് പാർക്കിന് 66.05 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കെട്ടിട നിർമാണം ആരംഭിച്ചിരുന്നെങ്കിലും പ്ലാൻറിനുള്ള ടെൻഡർ നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. കെ റൈസ് മറന്നു തുടങ്ങുമ്പോഴാണ് ഭാരത് അരി കേരളത്തിൽ കേന്ദ്ര സർക്കാർ വ്യാപകമാക്കുന്നത്. ഒരു കിലോ ഗ്രാം പൊന്നി അരി 29 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കൂടെ കടലപരിപ്പും വിൽക്കുന്നുണ്ട്. 60 രൂപാ നിരക്കിലാണ് വിൽപന. സംസ്ഥാനത്തുടനീളം ഭാരത് അരി വിപണനം നടത്താനൊരുങ്ങുമ്പോൾ തൃശൂരിലും പാലക്കാടുമാണ് നിലവിൽ വിൽപന നടത്തുന്നത്.



റേഷൻ കാർഡില്ലാതെ തന്നെ അരി വാങ്ങാമെന്നതാണ് പ്രത്യേകത. ഒരാൾക്ക് ഒരു തവണ 10 കിലോ വരെ അരി വാങ്ങാം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 200 ഔട്ട്ലെറ്റുകൾ തുടങ്ങും. സൂപ്പർ മാർക്കറ്റ് ശൃംഖല വഴിയും വിൽപ്പന നടത്തും. കേന്ദ്രപിന്തുണയുള്ള ഇ- കൊമേഴ്സ് ശൃംഖല ഒഎൻഡിസിയിലും അരി ലഭിക്കും. സപ്ലൈകോ വഴിയായിരിക്കും സംസ്ഥാന സർക്കാരിൻറെ ബദൽ അരി വിൽപന നടത്തുക. നിലവിൽ വെള്ള, നീല റേഷൻ കാർഡുകാർക്ക് കിലോ അരിക്ക് 10.90 രൂപ നിരക്കിൽ അരി വിതരണം ചെയ്യുന്നുണ്ട്. സപ്ലൈകോ വഴി 23, 24, 25 രൂപ നിരക്കിൽ സബ്സിഡി അരിയും വിൽക്കുന്നുണ്ട്. കേരളം 10.90 രൂപയ്ക്കും 25 രൂപയ്ക്കും വിൽപന നടത്തിയിരുന്ന അരി, ഭാരത് അരി എന്ന പേരിൽ വിൽക്കുന്നെന്നാണ് സംസ്ഥാന സർക്കാരിൻറെ പരാതി.



സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എംഡി, ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർദേശം നൽകി. സംസ്ഥാനത്ത് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത് പച്ചരിയാണ്. മലയാളികൾക്ക് പ്രിയമായ ജയ, കുറുവ, മട്ട എന്നീ അരികളുണ്ടെങ്കിലേ ഭാരത് അരിക്ക് ബദലാകുകയുള്ളൂ. ജയ അരി കുറഞ്ഞ നിരക്കിൽ ആന്ധ്ര അടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കിട്ടാനുള്ള സാധ്യത കേരളം തേടുകയാണെന്ന് മാതൃഭൂമി ഡോട് കോം റിപ്പോർട്ട് ചെയ്തു.

Find Out More:

Related Articles: