കേരളത്തിൽ വന്ദേ ഭാരതിനു നീളം കൂടും: ഇനി വരുന്നത് 8 കോച്ചുള്ള സെമി ഹൈസ്പീഡ് ട്രെയിനുകൾ!

Divya John
കേരളത്തിൽ വന്ദേ ഭാരതിനു നീളം കൂടും: ഇനി വരുന്നത് 8 കോച്ചുള്ള സെമി ഹൈസ്പീഡ് ട്രെയിനുകൾ! ഇനി വരുന്ന മാസങ്ങളിൽ പുറത്തിറങ്ങുന്നത് ഇത്തരം ചെറു വന്ദേ ഭാരത് ട്രെയിനുകളായിരിക്കും എന്നാണ് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലടക്കം തിരക്കു കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ അവതരിപ്പിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.യാത്രക്കാരുടെ തിരക്ക് കുറവുള്ള റൂട്ടുകളിലടക്കം പരിഗണിക്കാൻ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ കൂടുതലായി പുറത്തിറക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്തെ വിവിധ റൂട്ടുകളിലായി 15 വന്ദേ ഭാരത് ട്രെയിനുകളാണ് സ‍വീസ് നടത്തുന്നത്. ഇവയിൽ ഭൂരിപക്ഷവും 16 കോച്ചുകളുള്ള വന്ദേ ഭാരതാണ്. 2 എക്സിക്യൂട്ടീവ് കോച്ചുകളും 14 എസി ചെയ‍ർകാറുകളുമാണ് ഈ ട്രെയിനുകളിലുള്ളത്. എന്നാൽ മൈസൂ‍ർ - ചെന്നൈ റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിൽ 8 കോച്ചുകൾ മാത്രമാണുള്ളത്. നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവുമധികം ബുക്കിങ് ഉള്ളത് തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരതിനാണ്. 



 

 തിരക്കു കുറവുള്ള റൂട്ടുകളിലേയ്ക്ക് പകരം 8 കോച്ച് ട്രെയിനുകൾ നൽകാനും വെയ്റ്റിങ് ലിസ്റ്റിൽ ഏറെ യാത്രക്കാരുള്ള റൂട്ടുകളിൽ 16 കോച്ചുകളിലധികം നീളമുള്ള വന്ദേ ഭാരത് അവതരിപ്പിക്കാനുമാണ് റെയിൽവേയുടെ പദ്ധതി. നൂറുശതമാനത്തിലധികം ബുക്കിങ് ഉണ്ടെങ്കിൽ 8 കോച്ച് വന്ദേ ഭാരത് ഓടുന്ന റൂട്ടുകളിൽ ഇവയ്ക്കു പകരം 16 കോച്ചുകളുള്ള ട്രെയിനുകൾ എത്തിക്കും. അതേസമയം, സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ സങ്കീ‍ർണമായ വന്ദേ ഭാരത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിച്ചേ‍ർക്കുന്നത് അടക്കമുള്ള നടപടികൾ എളുപ്പമല്ല. 24 കോച്ചുകൾ വരെയുള്ള വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ സാധിക്കുമെന്ന് ഐസിഎഫ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ യാത്രക്കാരെ ആക‍ർഷിച്ച് സർവീസുകൾ കൂടുതൽ ലാഭകരമാക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. കേരളത്തിലെ വന്ദേ ഭാരതിന് 235 ശതമാനമാണ് ഒക്യൂപെൻസി നിരക്ക്.



തിരുപ്പതി റൂട്ടിൽ ഓടുന്ന വന്ദേ ഭാരതിനും മികച്ച സ്വീകാര്യതയുണ്ട്. 16 കോച്ചുകളുമായി ഓടുന്ന ബിലാസ്പൂ‍ർ- നാഗ്പൂർ വന്ദേ ഭാരത് ട്രെയിനിന് 52 ശതമാനം മാത്രമാണ് ഒക്യൂപെൻസി നിരക്ക്. ഈ സാഹചര്യത്തിൽ ഇവിടെ പകരം 8 കോച്ച് വന്ദേ ഭാരത് എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ വൈകാതെ വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണം 24 ആയി വ‍ർധിക്കാനാണ് സാധ്യത. ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം വിവിധ വന്ദേ ഭാരത് ട്രെയിനുകളിലെ ഒക്യൂപെൻസി നിരക്ക് 48 ശതമാനം മുതൽ 203 ശതമാനം വരെയാണ്. കേരളത്തിനു പുറമെ, ഗാന്ധിനഗർ - മുംബൈ, വാരണസി - ന്യൂ ഡൽഹി, ഡൽഹി - കത്ര, ഹൗറ - ന്യൂ ജഗൽപുരി റൂട്ടുകളിലും കൂടുതൽ നീളമുള്ള വന്ദേ ഭാരത് ട്രെയിനുകൾ എത്തിയേക്കും.



സർവീസ് നടത്തുന്ന സമയം പരിഗണിച്ച് ഒരേ ട്രെയിൻ ഉപയോഗിച്ച് ചെറിയ റൂട്ടുകളിൽ അധിക സർവീസുകൾ നടത്താനുള്ള സാധ്യതയും റെയിൽവേ പരിഗണിക്കുന്നുണ്ട്.
തിരക്കനുസരിച്ച് നിലവിൽ 8 കോച്ചുള്ള പല ട്രെയിനുകളിലെയും കോച്ചുകൾ 12 അല്ലെങ്കിൽ 16 ആയി വ‍ർധിപ്പിക്കാനാകും. പ്രത്യേക എൻജിനില്ലാതെ കോച്ചുകളുടെ അടിയിൽ ഘടിപ്പിച്ച ട്രാക്ഷൻ മോട്ടറുകളാണ് വന്ദേ ഭാരതിനെ ചലിപ്പിക്കുന്നത് എന്നതിനാൽ കോച്ചുകളുടെ എണ്ണം വ‍ർധിച്ചാലും ട്രെയിനിൻ്റെ പ്രകടനത്തെ ഇത് ബാധിക്കില്ല. എന്നാൽ സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് ട്രെയിനിൻ്റെ നിർമാണച്ചെലവ് അടക്കം കൂടുതലാണ് എന്നതിനാൽ യാത്രക്കാരുടെ എണ്ണം റെയിൽവേയ്ക്ക് നി‍ർണായകമാണ്.



ഒരു സ‍ർവീസിൽ ഓരോ സീറ്റിനുമുള്ള ആവശ്യക്കാരുടെ എണ്ണമാണ് ഒക്യൂപ്പെൻസി നിരക്കിനായി പരിഗണിക്കുന്നത്. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസിനു മികച്ച സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിൽ സമാനമായ കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. നിലവിലെ വന്ദേ ഭാരത് സർവീസിന് എതിർദിശയിൽ മാസങ്ങൾക്കുള്ളിൽ പുതിയ ട്രെയിൻ എത്തിയേക്കും. കൂടാതെ ബെഗംളൂരു റൂട്ടിൽ രാത്രിസമയത്ത് വന്ദേ ഭാരത് സ്ലീപ്പ‍ർ ട്രെയിൻ അവതരിപ്പിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. വരുന്ന ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.

Find Out More:

Related Articles: