'ഊഴിയം വേല'യ്ക്ക് ആളില്ല; കേരളത്തിൽ ബിജെപിയുടെ 2024 തിരഞ്ഞെടുപ്പ് പ്രചാരണം എവിടെ!

Divya John
 'ഊഴിയം വേല'യ്ക്ക് ആളില്ല; കേരളത്തിൽ ബിജെപിയുടെ 2024 തിരഞ്ഞെടുപ്പ് പ്രചാരണം എവിടെ! ബൂത്ത് കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമാണെന്ന് പശ്ചിമബംഗാൾ അടക്കമുള്ള വടക്കുകിഴക്കൻ മേഖലകളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവിടെ വിവിധ സാമുദായിക-ഗോത്രവിഭാഗങ്ങളെ തങ്ങൾക്ക് അനുകൂലമാകുന്ന വിധത്തിൽ വിഘടിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പിന്നാലെ, ബൂത്തുകളെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ അടിയൊഴുക്ക് സൃഷ്ടിക്കാനും കഴിഞ്ഞു. ബിജെപിയുടെ അടിസ്ഥാന പ്രവർത്തന രീതിയാണിത്. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാനാകും എന്നത്ലി‍ ബിജെപി നിലവിൽ സംശയിക്കുന്നില്ല. മേൽത്തട്ടിൽ കേന്ദ്ര നേതാക്കളും, കേന്ദ്രനേതൃത്വം അപ്പോയിന്റ് ചെയ്യുന്ന നേതാക്കളും, സംസ്ഥാന കോർ കമ്മറ്റിയും ചേർന്ന്, അതതിടങ്ങളിലെ സാമുദായിക-രാഷ്ട്രീയ ഘടനയിൽ ഇടപെടൽ നടത്തുമ്പോൾ, അടിത്തട്ടിൽ ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള അതിശക്തമായ പ്രവർത്തനം നടക്കും.



   എന്നാൽ കേരളത്തിലെ സംസ്ഥാന നേതൃത്വത്തിന് ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളെ വേണ്ടവിധത്തിൽ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന വിമർശനം ശക്തമായി നിലനിൽക്കുന്നുണ്ട്. ബൂത്ത് തലത്തിൽ പ്രവർത്തിക്കാൻ നിസ്വാർത്ഥമായ നിലപാടുകളുള്ള നേതാക്കൾക്കേ സാധിക്കൂ. പലപ്പോഴും അത് 'ഊഴിയം വേല' പോലെയാണ്. കൂലി കിട്ടില്ല. ബൂത്തു തലങ്ങളിൽ പ്രവർത്തിച്ച് നേട്ടങ്ങളുണ്ടാക്കുന്നവർ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ അംഗീകരിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. ഇക്കാരണത്താൽത്തന്നെ എല്ലാവരും മേൽത്തട്ടിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നു. കേരളത്തിലെ മുഖ്യധാരാ പാർട്ടിയായ സിപിഎമ്മിനെ പ്രചാരണത്തിൽ മാതൃകയാക്കാൻ ബിജെപിക്ക് ഇന്നത്തെ അവസ്ഥയിൽ കഴിയില്ല. സംസ്ഥാന സെക്രട്ടറി റോഡ് ഷോ നടത്തുന്നതിനിടയിൽ ബ്രാഞ്ച് തലത്തിൽ അവർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. കെ സുരേന്ദ്രൻ ആ മാർഗ്ഗം അവലംബിച്ചാൽ പദയാത്ര മാത്രം നടക്കും.



  ബൂത്തിൽ ആളുണ്ടാകില്ല. ബൂത്ത് തലങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ ബിജെപിക്ക് മുമ്പോട്ട് പോകാനാകൂ. കേരളത്തിലെ നിലവിലെ സാമുദായികരാഷ്ട്രീയത്തിന്റെ ഘടന ബിജെപിക്ക് ഒട്ടും അനുകൂലമല്ല. അതിനെ തകർക്കാൻ ക്രൈസ്തവ വിഭാഗത്തെയാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. എന്നാൽ ക്രൈസ്തവ വിഭാഗങ്ങളിലെ കുരിശുയുദ്ധ സംഘങ്ങൾ ഒരു ന്യൂനപക്ഷമാണ്. അവർക്ക് വിശാലമായ പിന്തുണയില്ല. ഉന്നതപുരോഹിതരെ ബിജെപിക്ക് അനുകൂലമായി നിലപാടെടുപ്പിച്ചാൽപ്പോലും വിശ്വാസികൾ അത്തരം ആഹ്വാനങ്ങളെ ഉൾക്കൊണ്ടെന്നു വരില്ല. ബിജെപിക്ക് തൽക്കാലം ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും പുരോഹിതരുടെ കാര്യം അതല്ലെന്ന പ്രശ്നവും നിലനിൽക്കുന്നു. ബൂത്തുകളിൽ ആവശ്യത്തിന് പ്രവർത്തകരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അധികാരം കിട്ടിയ വാർഡുകളിൽ പ്രവർത്തകരുണ്ടാകും. അധികാരം കിട്ടാത്തിടങ്ങളിൽ പ്രവർത്തനത്തിന് ആളിറങ്ങാൻ പ്രയാസമാണ്. 



  കേരള സമൂഹത്തിൽ ബിജെപിക്കുള്ള പ്രതിച്ഛായ ഒരു വലിയ തടസ്സമാണിതിന്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചെയ്യാറുള്ളതു പോലെ ഹൈവേകളിലൂടെ ഒരു പദയാത്ര സംഘടിപ്പിക്കാം എന്നാണ് കേ സുരേന്ദ്രൻ കരുതിയത്. എന്നാൽ അതിനെ 2024ലെ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമായി കാണാൻ കേന്ദ്ര നേതൃത്വം തയ്യാറായില്ല. ബൂത്തിൽ ആളില്ലാത്തിടത്ത് എന്തിനാണ് ഹൈവേ പ്രകടനങ്ങൾ എന്ന ന്യായമായ ചോദ്യം അവരുന്നയിച്ചു. 20 ലോകസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്താനിരുന്ന പദയാത്ര മാറ്റിവെച്ച് ബൂത്ത് തല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

Find Out More:

Related Articles: