കോൺഗ്രസിനെ ശിഥിലീകരിക്കുന്ന നീക്കം ശശി തരൂരിൽ നിന്നും ഉണ്ടായാൽ പല്ലും നഖവും ഉപയോഗിച്ച് നേരിടും; തിരുവഞ്ചൂർ രാധാകൃഷ്ണൻ!

Divya John
 കോൺഗ്രസിനെ ശിഥിലീകരിക്കുന്ന നീക്കം ശശി തരൂരിൽ നിന്നും ഉണ്ടായാൽ പല്ലും നഖവും ഉപയോഗിച്ച് നേരിടും; തിരുവഞ്ചൂർ രാധാകൃഷ്ണൻ! കോൺഗ്രസിന്റെ പ്രധാന ശത്രു ഐക്യമില്ലായ്മയാണ്. അതുകൊണ്ട് പാർട്ടിക്കുള്ളിൽ പുതിയ 'ഇതൾ' ഉണ്ടാക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസിനെ ശിഥിലീകരിക്കുന്ന നീക്കം ശശി തരൂരിൽ നിന്നും ഉണ്ടായാൽ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. "പാർട്ടിയുടെ എംപിയാണ് തരൂർ. അതുകൊണ്ട് പാർട്ടിയുടെ ഘടനയ്ക്ക് വിധേയപ്പെട്ടുവേണം അദ്ദേഹം തീരുമാനമെടുക്കാൻ.







മലബാറിൽ പര്യടനം നടത്തുന്നതിൽ കുഴപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ ലക്ഷ്യം എന്താ? കോൺഗ്രസിനെ ശിഥിലീകരിക്കുന്നതായിരിക്കരുത് അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയൊരു ശ്രമം ഉണ്ടായാൽ പല്ലും നഖവും ഉപയോഗിച്ച് നേരിടും. കോൺഗ്രസിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെങ്കിൽ പ്രവർത്തകർ പിന്തുണയ്ക്കും. പാർട്ടിക്ക് കൂടുതൽ സംഭാവന ചെയ്യുന്ന വ്യക്തിയായി തരൂർ നിൽക്കണമെന്നാണ് എന്റെ അഭിപ്രായം. മുതിർന്ന നേതാക്കളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്." തിരുവഞ്ചൂർ പറയുന്നു.






തരൂർ പാർട്ടിയുടെ ഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുകയാണെങ്കിൽ പ്രശ്നമില്ല. പാർട്ടിക്ക് പാർട്ടിയുടേതായ കീഴ്വഴക്കങ്ങളുണ്ട്. അച്ചടക്കം ഉന്നതങ്ങളിൽ നിന്നു തന്നെ തുടങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു. വടക്കൻ ജില്ലകളിൽ ശശി തരൂർ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് തിരുവഞ്ചൂർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കൾക്കിടയിൽ തരൂരിന്റെ മലബാർ സന്ദർശനത്തോട് എതിർപ്പുണ്ടെന്ന വാർത്തകൾക്കു പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ സമാന്തര പ്രവർത്തനം നടത്താൻ തരൂർ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. തരൂർ അങ്ങനെ ചെയ്യുകയുമരുത്. ഇന്ത്യ ഒട്ടാകെ കോൺഗ്രസ് പ്രതിപക്ഷത്താണ്. പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടിയെ ദുർബലപ്പെടുത്താൻ നീക്കം നടത്തുന്നത് പാർട്ടി പ്രവർത്തകരെ സംബന്ധിച്ച് അതീവ ദുഃഖമുണ്ടാക്കുന്ന കാര്യമാണെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. "അതുകൊണ്ട് പാർട്ടി പ്രവർത്തകരുടെ ദുഃഖം ആഘോഷിക്കുന്ന നിലയിലേക്ക് വരരുത്.






   പാർട്ടിക്ക് സംഭാവനകൾ നൽകുന്ന രീതിയിലായിരിക്കണം നേതാക്കളുടെ പ്രവർത്തനം. അത്തരമൊരു നിലയിലേക്ക് തരൂരെന്നല്ല ഏത് നേതാക്കൾ പോയാലും പ്രശ്നമില്ല. അത് സമാന്തര പ്രവർത്തനമായിരിക്കരുതെന്നു മാത്രം." തിരുവഞ്ചൂർ പറയുന്നു. "തരൂർ പാർട്ടിയുടെ ഘടനയ്ക്ക് വിധേയമായി പോകണം. അദ്ദേഹത്തിന്റെ കാമ്പെയിന്റെ ലക്ഷ്യം പാർട്ടിക്കു വേണ്ടിയുള്ളതാകണം. അതല്ലാതെ ആരോടെങ്കിലുമുള്ള വാശി തീർക്കാനോ പ്രതികാരം തീർക്കാനോ ഇറങ്ങിത്തിരിക്കരുത്. അതാണ് കേരളത്തിലെ കോൺഗ്രസ് ആഗ്രഹിക്കുന്നത്.""കോൺഗ്രസിനെ ദുർബലപ്പെടുത്താൻ തരൂർ ആഗ്രഹിക്കുന്നതായി തോന്നുന്നില്ല. പക്ഷേ കോൺഗ്രസിനുള്ളിൽ നിന്ന് ഐക്യത്തോടെ വേണം മുന്നോട്ടു പോകാൻ.






 കോൺഗ്രസിന്റ ഏറ്റവും വലിയ ശത്രു കോൺഗ്രസിന്റെ ഐക്യമില്ലായ്മയാണ്. അതുകൊണ്ട് കോൺഗ്രസിനുള്ളിൽ പുതിയൊരു 'ഇതൾ' ഉണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല." തിരുവഞ്ചൂർ പറയുന്നു. ബിജെപിക്കും ആർഎസ്എസിനുമെതിരെ നിലപാടെടുക്കുമ്പോൾ പോലും അത് പാർട്ടിയുടെ നിലപാടിനനുസരിച്ചായിരിക്കണമെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. നമ്മൾ യോഗം നടത്തുമ്പോൾ ആ പ്രദേശത്തെ ഉത്തരവാദിത്തമുള്ള ഒരു കമ്മിറ്റിയില്ലേ. കേരളത്തിലെ കോൺഗ്രസ് എന്നു പറയുമ്പോൾ അങ്ങ് താഴെ തട്ട് മുതൽ ഉണ്ടല്ലോ. അതുകൊണ്ട് വ്യവസ്ഥാപിതമായ സംവിധാനങ്ങൾക്ക് അനുസരിച്ച് വേണം അത്തരം പരിപാടികൾ നടത്താനെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

Find Out More:

Related Articles: