പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; പരിഹാസവുമായി സോഷ്യൽ മീഡിയ! രാജ്യത്ത് ഏറ്റവും മികച്ച പോലീസിങ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ഇപ്പോൾ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ട കമൻ്റുകളിൽ ബഹുഭൂരിപക്ഷവും സർക്കാരിനും പോലീസിനും എതിരാണ്. കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദനം അടക്കമുള്ള സംഭവങ്ങളിൽ കേരള പോലീസ് തുടർച്ചയായി പ്രതിക്കൂട്ടിലായതിനു പിന്നാലെ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "എൽഡിഎഫ് സർക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ തയ്യാറല്ല.
" മുഖ്യമന്ത്രി പോസ്റ്റിൽ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഒറ്റപ്പെട്ട കൃത്യങ്ങളിൽ ഏർപ്പെടുന്നവർ പോലീസിന് അവമതിപ്പ് ഉണ്ടാക്കുകയാണെന്നും അവരോട് സർക്കാർ ദാക്ഷിണ്യം കാണിക്കില്ലെന്നും ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ 1500ഓളം കമൻ്റുകളാണ് പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയെ പിന്തുണച്ച് കമൻ്റ് ചെയ്തവരുടെ എണ്ണം വിരലിൽ എണ്ണാവുന്നതു മാത്രമായിരുന്നു. "ഇതിൽ എഴുതുന്ന കമന്റ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടാൻ സാധ്യത കുറവാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ, സമീപകാലത്ത് ഒന്നുമില്ലാത്ത വിധം കേരള പോലീസിങ് തകർന്നു തരിപ്പണമായിരിക്കുന്നു. പോലീസ് സേന നിഷ്ക്രിയമായി മാറിയിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥർ കള്ളന്മാരും അക്രമികളുമായി മാറുന്നു.
ക്രമസമാധാന നില പാടെ തകർന്നിരിക്കുന്നു." ഒരാൾ കുറിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം കൂടുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. "സാർ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം" എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കുറ്റക്കാരെന്ന സംശയത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും പതിവു പോലെ കടുത്ത നടപടികൾ ഇല്ലാതെ കേസ് അവസാനിക്കുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനു പുറമെ പോലീസുകാരൻ വഴിയരികിൽ വിൽക്കാൻ വെച്ച മാങ്ങ മോഷ്ടിച്ച സംഭവവും പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസും സേനയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
കൂടാതെ പാലക്കാട് വാളയാറിൽ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി പോലീസ് മർദ്ദിച്ചെന്ന റിപ്പോർട്ടും ഏറെ ശ്രദ്ധ നേടി. മലപ്പുറത്ത് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ പ്ലസ് വൺ കാരനെ പോലീസ് മർദ്ദിച്ചെന്ന സംഭവത്തിലും പോലീസ് പ്രതിക്കൂട്ടിലാണ്. ഇതിനെല്ലാം പിന്നാലെ കേരള പോലീസിൻ്റെ ഔദ്യോഗിക പേജിലടക്കം പ്രതിഷേധം അലയടിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. "ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിന് വേണ്ടത്. അതിനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. അതിന് മുതിരുന്നവർക്കെതിരെ കർശന നടപടി എടുക്കും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല." മുഖ്യമന്ത്രി നയം വ്യക്തമാക്കി.
എന്നാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കും എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ പലരും തയ്യാറല്ല. "വരാപ്പുഴയിലെ ഒരു നിരപരാധിയായ മനുഷ്യനെ ആളുമാറി കസ്റ്റഡിയിലെടുത്ത് നിങ്ങളുടെ പോലീസ് തല്ലി കൊന്നു! ആ പോലിസുകാരിപ്പോഴും ഈ പറഞ പോലിസിലുണ്ട്! പിണറായി വിജയനെ തെറി വിളിച്ചാണ് കിളിലൂരിൽ ഡിഫിക്കാരനെ തല്ലി ചതച്ചത്. എന്നിട്ടും ഈ വക തള്ളുമായി ഇറങ്ങാനുള തൊലിക്കട്ടി സമ്മതിക്കണം! ഗുണ്ടാ പോലിസിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള നട്ടെല്ലാണ് പോലീസ് മന്ത്രിക്ക് വേണ്ടത്." ഒരാൾ കമൻ്റ് ചെയ്തു.