വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതിയുടെ ചോദ്യം; ആരാണ് ബസിന് ഫിറ്റ്നസ് നൽകിയത്? ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്ത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. മോട്ടോർ വാഹന വകുപ്പ് അധികൃതരോടും പോലീസിനോടും ടൂറിസ്റ്റ് ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കമുള്ള വിവരങ്ങൾ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. വിനോദയാത്രയുടെ വിവരങ്ങളും ഹൈക്കോടതി തേടിയിട്ടുണ്ട്. വടക്കഞ്ചേരി വാഹനാപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട ശേഷമാണ് കോടതിയുടെ നടപടി. മോട്ടോർ വാഹന വകുപ്പ് അധികൃതർക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തി. ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചു. നിയമവിരുദ്ധമായ ലൈറ്റുകളും അമിതവേഗവും നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിരുന്നില്ലേ എന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. വാഹനം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ഇന്നു മുതൽ ഇത്തരം സംവിധാനങ്ങൾ വാഹനങ്ങളിൽ പാടില്ലെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കായി ഊട്ടിയിലേക്കു പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിഞ്ഞു. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ബസിൽ 49 പേരും. ടൂറിസ്റ്റ് ബസിലെ അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും കെഎസ്ആർടിസി ബസിലെ മൂന്നു യാത്രക്കാരുമാണ് മരിച്ചത്. അതേസമയം വാളയാർ വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറിയ ടൂറിസ്റ്റ് ബസിനെതിരെ നിരവധി കേസുകൾ. കോട്ടയം പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലൂമിനസ് ബസിനെതിരെ അഞ്ചുകേസുകൾ നിലവിലുണ്ട്.
മോട്ടോർ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നികുതി അടക്കാതെ എയർഹോൺ മുഴക്കി യാത്ര ചെയ്തതിനാണ് ബസിനെതിരെ ആദ്യം കേസെടുത്തിരുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചതിനു മൂന്നുതവണ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചിട്ടും വീണ്ടും ഇത് ആവർത്തിച്ചിരുന്നു. മെയ് മാസം രജിസ്റ്റർ ചെയ്ത കേസിൽ പിഴത്തുക അടച്ചിരുന്നില്ല. ഇതോടെയാണ് ബസിനെ എംവിഡി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.ടൂറിസ്റ്റ് ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ആർടിഒ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നതെന്നാണ് സ്ഥിരീകരണം. പരമാവധി വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആണെന്നിരിക്കെയാണ് 97.7 കിലോമീറ്റർ വേഗതയിൽ ടൂറിസ്റ്റ് ബസ് പാഞ്ഞത്.
വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 11.30 നാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കായി ഊട്ടിയിലേക്കു പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിഞ്ഞു. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ബസിൽ 49 പേരും. ടൂറിസ്റ്റ് ബസിലെ അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും കെഎസ്ആർടിസി ബസിലെ മൂന്നു യാത്രക്കാരുമാണ് മരിച്ചത്. പരിക്കേറ്റ നാലുപേരുടെ നില ആദ്യഘട്ടത്തിൽ ഗുരുതരമായിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.