സെക്‌സ് വർക്ക് ചെയ്യുന്നവർ പറയുന്നത് കേട്ട് കേസെടുക്കാൻ പറ്റില്ല; ട്രാൻസ്‌ജെൻഡറിന്റെ പരാതിയെ അധിക്ഷേപിച്ച് സിഐ! പരാതി നൽകാനെത്തിയ ദീപ റാണിയെ സിഐ അധിക്ഷേപിച്ചെന്നാണ് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെയാണ് ദീപ റാണി പരാതി നൽകിയത്. സിഐക്കെതിരെ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി ട്രാൻസ്‌ജെൻഡർ ദീപ റാണി. പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നൽകുന്നതിനാണ് ദീപ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പരാതി നൽകാനെത്തിയത്. ദീപ റാണിയെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദീകരണവുമായി നടക്കാവ് പോലീസ് രംഗത്തെത്തി. ടൗണിലെ ട്രാൻസ്‌ജെൻഡറുകൾ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ട്.
എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളതെന്നും ദീപ റാണിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്നും നടക്കാവ് പോലീസ് പറഞ്ഞു. 'വിശദാംശങ്ങൾ പറയുന്നതിനിടെ താൻ ട്രാൻസ്‌ജെൻഡർ ആണോയെന്ന് സിഐ ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോൾ ഫോണിൽ വിളിച്ചത് കസ്റ്റമർ ആയിരിക്കുമെന്നും സെക്‌സ് വർക്ക് ചെയ്യുന്നവർ പറയുന്നത് അനുസരിച്ച് കേസെടുക്കാൻ സാധിക്കില്ലെന്നും', സിഐ പറഞ്ഞതായി ദീപ പറഞ്ഞു. സംഭവങ്ങൾ ദീപ വീഡിയോയിൽ പകർത്തിയതും സിഐ ചോദ്യം ചെയ്തു. വധഭീഷണിയുണ്ടെന്ന് പരാതി നൽകാനെത്തിയ തന്നെ ലൈംഗീക തൊഴിലാളിയാണെന്നും കസ്റ്റമ്മർ വിളിക്കുന്നതാണെന്നും പറഞ്ഞ് സിഐ അധിക്ഷേപിച്ചതായി ദീപ റാണി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. എസ്ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകിയതായി ദീപ പറഞ്ഞു.
ദീപയെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. '19 ന് ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തി. അന്ന് പരാതി നൽകിയിരുന്നില്ല. ഇന്നലെ വീണ്ടും വിളിച്ച് അധിക്ഷേപിച്ചു.അമ്മയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പരാതി നൽകാൻ പോയത്. സ്റ്റേഷനിലെത്തി സിഐയുമായി സംസാരിച്ചപ്പോൾ തന്റെ ശബ്ദം കേട്ട് ആണാണോ എന്ന് ചോദിച്ചു. ഭീഷണിയെക്കുറിച്ച് പറഞ്ഞപ്പോൾ ലൈംഗീക തൊഴിലാളിയാണെന്നും അധിക്ഷേപിച്ചു. നൈറ്റ് ഡ്യൂട്ടിക്ക് പോയപ്പോൾ നിന്നെപ്പേലെയുള്ളവരെ കുറെ കണ്ടിട്ടുണ്ടെന്നും അധിക്ഷേപം തുടർന്നു.
വടകര സ്റ്റേഷനിൽ നിന്ന് ഒരാഴ്ച മുമ്പാണ് സിഐ ട്രാൻഫറായി എത്തിയത്. സ്റ്റേഷനിൽ നിന്നുള്ള വീഡിയോയിൽ നിന്ന് ഇതെല്ലാം വ്യക്തമാകും. സൗകര്യമുണ്ടെങ്കിൽ പരാതി എഴുതി തന്ന് പോകാനും പറഞ്ഞു.' ദീപ പറഞ്ഞു. സിഐയുടെ അധിക്ഷേപത്തെ ദീപ ശക്തമായി എതിർക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സൗകര്യമുണ്ടെങ്കിൽ പരാതി നൽകി പോകാൻ ദീപയോട് സിഐ പറയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിന്നീട് മറ്റ് ഉദ്യോഗസ്ഥർ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്.