പാർട്ടി ഗ്രാമത്തിൽ നിന്നും അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു!

Divya John
 പാർട്ടി ഗ്രാമത്തിൽ നിന്നും അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു! ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിൽ ഏറെ ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണ് അറസ്റ്റിലായത്. പാർട്ടി ഗ്രാമമായ പയ്യന്നൂരിലുള്ള പെരിങ്ങോയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിലാകാൻ ഇടയായത്. ക്യാരിയറുടെ ഒത്താശയിൽ കടത്തുകാരെ വെട്ടിച്ച് സ്വർണ്ണം കൊള്ളയടിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. എന്നാൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ദുരൂഹമാണ്.





ഒരു കേസിൽ പ്രതിയായിട്ടും സ്വർണക്കടത്ത് സംഘവുമായി ബന്ധം തുടർന്നതാണ് അർജുന് തിരിച്ചടിയായത്. ഇതോടെ ഇയാളുടെ നിലവിലെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജ്ജുൻ ആയങ്കി. ഇയാൾ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഎം - മുസ്ലീം ലീഗ്, സിപിഎം - ബിജെപി സംഘർഷങ്ങളിലുള്ള പ്രധാന പേരായിരുന്നു ആയങ്കിയുടേത്. പിന്നീട്, ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയും ചെയ്തു. 2021ലെ രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘത്തിൻ്റെ വാഹനം അപകടത്തിൽപെട്ടതോടെയാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യമായി ഉയർന്ന് കേൾക്കുന്നത്.





ഈ കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഡിവൈഎഫ്ഐ പുറത്താക്കിയെങ്കിലും സൈബർ സഖാക്കളായി നവമാധ്യമങ്ങളിൽ സജ്ജീവമായിരുന്നു. ഇതുവഴി ഇയാൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്സും ഉണ്ടായിരുന്നു. ഇതിൻ്റെ മറവിൽ അർജുൻ ആയങ്കി സ്വർണക്കടത്തും ഗുണ്ടാപ്രവർത്തനങ്ങളും നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ സമഹൂമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചു കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന എം ഷാജർ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. 




ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മനു തോമസിനെ പൊതുസമൂഹത്തിൽ അപമാനിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു പരാതി. പുറത്താക്കിയെങ്കിലും ആയങ്കി ഡിവൈഎഫ്ഐക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്. തുടർന്ന്, ഇവരെ തള്ളിപ്പറഞ്ഞു ഡിവൈഎഫ്ഐ തന്നെ രംഗത്തുവരികയായിരുന്നു. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘം കൊടും ക്രിമനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: