സ്വർണ്ണ കടത്ത് കേസ്; ഇർഷാദ് നാട്ടിലെത്തിച്ചത് 60 ലക്ഷ രൂപ വില വരുന്ന സ്വർണ്ണം! വയനാട് റിപ്പൺ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പിൽ മിസ്ഫർ(28), കൊടുവള്ളി കളത്തിങ്കൽ ഇർഷാദ്(37) എന്നിവരാണ് തിങ്കളാഴ്ച കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൂവരും അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങാനെത്തിയത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇർഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി. ജൂലൈ ആറിനാണ് പന്തിരീക്കര സ്വദേശി ഇർഷാദിനെ കാണാതാകുന്നത്.
സ്വർണക്കടത്ത് സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇർഷാദിനെ കാണാതായി രണ്ട് ദിവസം കഴിയുമ്പോൾ കൊയിലാണ്ടി കടപ്പുറത്ത് നിന്നും ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപകിന്റെതാണെന്ന നിഗമനത്തിൽ സംസ്‌ക്കാരവും നടത്തിയിരുന്നു. ഇതിന് ശേഷം ദീപകിന്റെ ബന്ധുക്കളിൽ ചിലർക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഡി എൻ എ പരിശോധനയിലാണ് കടപ്പുറത്ത് കണ്ടത് ഇർഷാദിന്റെ മൃതദേഹമാണെന്ന് വ്യക്തമാകുന്നത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട മൂന്ന് പേരാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ കോടതിയുടെ പരിധിയിൽ അല്ലാത്തതിനാൽ ആവശ്യം പരിഗണിച്ചില്ല. പ്രതികളെ പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ആർ സുനിൽകുമാർ ഉത്തരവിടുകയായിരുന്നു. പിന്നീട് കൽപ്പറ്റ സി.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയും, രാത്രി ഒൻപതോടെ പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുകയുമായിരുന്നു.
60 ലക്ഷം വില വരുന്ന സ്വർണമാണ് ഇർഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്നയാളാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ പങ്കാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.