സ്വപ്നയെ വിശ്വാസമില്ല; സതീശന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വെളിപാടിന് പിന്നിൽ! സ്വപ്നയുടെ വെളിപ്പെടുത്തലുകൾ പൂർണമായും വിശ്വാസത്തിലെടുക്കാനില്ലെന്ന യുഡിഎഫ് നേതാക്കളുടെ നിലപാട് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോപണത്തിൻ്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൊവ്വാഴ്ച പറഞ്ഞത്. സമാന നിലപാടാണ് ബുധനാഴ്ച കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിനു പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭ പരിപാടികൾ പ്രതിപക്ഷം മയപ്പെടുത്തിയേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് പൊതു സമൂഹത്തിന് അറിയണം.
മുഖ്യമന്ത്രി കാര്യങ്ങൾ തുറന്നു പറയുന്നില്ലെന്നും എന്തോ മറയ്ക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. നിജസ്ഥിതി പുറത്തു വരണമെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രക്ഷോഭ നിരയിൽ മുസ്ലിം ലീഗ് പിന്നിലാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തയെ അടിസ്ഥാനമാക്കി പ്രതികരണം നടത്തുന്നത് ശരിയാണോയെന്ന് ഞങ്ങൾക്ക് അറിയില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൊവ്വാഴ്ച പറഞ്ഞത്. എന്നാൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത് എന്നാണ് സതീശൻ ഉയർത്തുന്ന ചോദ്യം.
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൻ്റെ വിശ്വാസ്യത സംബന്ധിച്ച് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കാനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് മറുപടി പറയേണ്ടതില്ലെന്നും സുധാകരൻ പറയുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ അയഞ്ഞ സമീപനം പുലർത്തി തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്. സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പുതുതായി ഒന്നുമില്ലെന്നത് പ്രതിപക്ഷത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കാൻ തുടക്കത്തിൽ തന്നെ കെപിസിസി പ്രസിഡന്റ് തയ്യാറായിരുന്നില്ല. നേതൃത്വത്തിന്റെ അറിവോടെയല്ല പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്.
പുതിയ സമര രീതി അവർ പരീക്ഷിച്ചതാകാം. അത്തരം സമരങ്ങളെ ന്യായീകരിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തെ സിപിഎം രാഷ്ട്രീയ വത്കരിച്ചത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാഷ്ണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡൽഹിയിൽ രാഹുലിനും സോണിയക്കുമെതിരെ ഇ ഡി നടപടി കടുപ്പിക്കുമ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയും അതേ കേന്ദ്ര ഏജൻസി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതും ഇരട്ടത്താപ്പാണെന്ന വിമർശനം നിലവിലുണ്ട്.