ഇന്നും 10 മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു! ഇന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിച്ചുവരുത്തും. രണ്ടാം ദിവസം ഡൽഹിയിലെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസിൽ രാഹുലിനെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് രാവിലെ 11:30യ്ക്ക് അദ്ദേഹം ഏജൻസിയുടെ ഓഫീസിൽ എത്തിയത്. വൈകിയാണെങ്കിലും ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് നിരസിക്കുകയായിരുന്നു.
അതേസമയം, കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം ഇന്നും തുടർന്നു. ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തിയ ഹരീഷ് റാവത്ത്, രൺദീപ് സിങ് സുർജെവാല തുടങ്ങിയ നേതാക്കളേയും നിരവധി പ്രവർത്തകരേയും അറസ്റ്റ് ചെയ്തു മാറ്റി. നാഷണൽ ഹെറാൾഡ് കേസിൽ ഈ ഇംഗ്ളീഷ്ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇന്നലെ രാഹുൽ ഗാന്ധിയോട് 25 ഓളം ചോദ്യങ്ങൾ ചോദിച്ചതായാണ് ദേേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അന്വേഷണ ഏജൻസിയുടെ ഓഫീസിൽ വീണ്ടും ഒരു നീണ്ട ദിവസം ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസോസിയേറ്റഡ് ജേണൽ കമ്പനിയുമായും യങ് ഇന്ത്യൻ ലിമിറ്റഡുമായുള്ള ബന്ധം, അസോസിയേറ്റഡ് ജേണൽ ലിമിറ്റഡിന്റെ ആസ്‌തി വിശദാംശം, നാഷണൽഹെറാൾഡ് പുനഃപ്രസിദ്ധീകരിക്കാൻ കോൺഗ്രസ് എന്തടിസ്ഥാനത്തിലാണ് വായ്‌പ നൽകിയത്, മറ്റേതെങ്കിലും അനുബന്ധസ്ഥാപനങ്ങൾക്ക് കോൺഗ്രസ് വായ്‌പകൾ നൽകിയിട്ടുണ്ടോ, അസോസിയേറ്റഡ് ജേണലിന്റെ ഓഹരികൾ യങ് ഇന്ത്യൻ ഏറ്റെടുക്കുന്നതിനുമുമ്പ് ഓഹരി ഉടമകളുമായി ചർച്ച നടത്തിയോ, നടപടികൾ കൃത്യമായി പാലിച്ചാണോ ആസ്‌തി ബാധ്യതകൾ ഏറ്റെടുത്തത് എന്നതടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുൽ ഗാന്ധി ഇ.ഡി. ഓഫിസിൽ ഹാജരാകേണ്ടത്. നാഷണൽ ഹെറാൾഡ് പത്രത്തിൻറെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിൻറെ (എ ജെ എൽ) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.