ഇനിയൊരിക്കലും കോൺഗ്രസിനൊപ്പം പ്രവർത്തിക്കില്ല എന്ന് പ്രശാന്ത് കിഷോർ! തെരഞ്ഞെടുപ്പ് വിജയത്തിലെ തന്റെ ട്രാക്ക് റെക്കോർഡ് കോൺഗ്രസ് നശിപ്പിച്ചു. അതിനാൽ ഇനിയൊരിക്കലും യോജിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച ആർജെഡി നേതാവ് രഘുവൻശ് പ്രസാദ് സിംഗിന്റെ വസതിയിൽ നിന്നും ആരംഭിച്ച ജൻ സുരാജ് യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസുമായി ഇനി യോജിച്ച് പ്രവർത്തിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് പാർട്ടിയോട് ബഹുമാനമുണ്ട്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിന് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല.
അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മെ മുക്കി കളയുമെന്നും അദ്ദേഹം പറഞ്ഞു. 2011-2021 വരെയുള്ള 11 തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ ബിഹാറിൽ ജയിച്ചു. 2017ൽ പഞ്ചാബിൽ ജയിച്ചു. 2019ൽ ജനഗൻ മോഹൻ റെഡ്ഡി ആന്ധ്രാ പ്രദേശിൽ ജയിച്ചു, തമിഴ്നാട്ടിലും ബംഗാളിലും ജയിച്ചു, 11 വർഷത്തിനിടെ 2017ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മാത്രമാണ് തോറ്റത്. അതുകൊണ്ടാണ് കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. 2025 ബിഹാർ തെരഞ്ഞെടുപ്പിനു മുമ്പ് ബിഹാറിലെ അടിത്തറ ബലപ്പെടുത്താനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം.
ലാലു പ്രസാദ് യാദവും നിതിഷ് കുമാറും ഭരിച്ചിട്ട് ബിഹാർ വികസനം എന്തെന്ന് അറിഞ്ഞിട്ടില്ല. 90 ശതമാനം ബിഹാർ ജനതയും മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളുടെ ആഗ്രഹം എന്തെന്ന് അടുത്തറിയാൻ ഗ്രാമങ്ങളിലേക്ക് ജൻ സുരാജ് യാത്രയുമായി പുറപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെക്കാൾ മിടുക്കർ കോൺഗ്രസിലുണ്ടെന്നും അവർക്ക് എന്ത് ചെയ്യണമെന്ന് അറിയാമെന്നും നേരത്തെ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും കോൺഗ്രസിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിഹാർ തന്നെ തട്ടകമാക്കാനാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.
ഇതിന്റെ ഭാഗമായാണ് ജൻ സുരാജ് യാത്ര ആരംഭിച്ചത്. അതേസമയം ഈ വർഷം ഒക്ടോബർ മൂന്ന് മുതൽ ബിഹാറിൽ പദയാത്ര നടത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പടിഞ്ഞാറൻ ചമ്പാരൻ ഗാന്ധി ആശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 3,000 കിലോമീറ്റർ നടത്തും. അടുത്ത മൂന്ന് നാല് വർഷത്തേക്ക് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം നിലവിലില്ലെന്നും പാർട്ടി പ്രഖ്യാപന സാധ്യതകൾ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.