ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർത്ഥി!

Divya John
 ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർത്ഥി! സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും വെച്ച് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ച് കോൺഗ്രസിന്റെ പ്രവാസി സംഘടന ഫേസ്ബുക്കിൽ പോസ്റ്റിട്ട പശ്ചാത്തലത്തിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ കളമശേരി പരാതി നൽകിയത്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ അയോഗ്യയാക്കണമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റിട്ട ഐ പി അഡ്രസ് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കേസ് സംബന്ധിച്ച വിശദാംശം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്നും തൃക്കാക്കര എസിപി പറഞ്ഞു.



   ഏറ്റവും കൂടുതൽ വോട്ട് വാങ്ങുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷ്ണൽ കൾച്ചറൽ സൊസൈറ്റി യൂത്ത് വിങ്ങാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ അയോഗ്യയാക്കണമെന്നും റിട്ടേണിങ് ഓഫീസർക്കും തൃക്കാക്കര പോലീസിനും നൽകിയ പരാതിയിൽ പറയുന്നു. പോസ്റ്റ് തുല്യ നീതിക്ക് നിരക്കുന്നതല്ലെന്നാണ് ബോസ്കോ കളമശേരി പറയുന്നത്. കൃത്യമായ തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബോസ്കോ പറഞ്ഞു. തൃക്കാക്കരയിൽ പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. എൽഡിഎഫ് കൺവീനർ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.



   തൃക്കാക്കരയെ ലോകശ്രദ്ധയാകർഷിക്കുന്ന പ്രദേശമാക്കി വളർത്തുമെന്ന് ജയരാജൻ പറഞ്ഞു. പശ്ചാത്തല വികസനം, വ്യവസായം, ആരോഗ്യം, സാംസ്കാരികം, പരിസ്ഥിതി, കായിക മേഖല, കുടിവെള്ളം, കൃഷി, പാർപ്പിടം, ദാരിദ്ര്യ നിവാരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ക്ഷേമം, തൊഴിൽ, വെള്ളക്കെട്ട് നിവാരണം, സ്ത്രീസുരക്ഷ, പട്ടയം എന്നിങ്ങനെ 17 കാര്യങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പ്രകടന പത്രികയിൽ പറയുന്നു. അതേസമയം തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 31ന് മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അന്നേ ദിവസം അവധി ബാധകമാണ്. 



സ്വകാര്യ സ്ഥാപനം, സ്വകാര്യ വ്യവസായ കേന്ദ്രം, ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന മറ്റ് സ്വാകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിക്കണം. ഇതിനുള്ള നടപടി ആരംഭിക്കാൻ ലേബർ കമ്മീഷ്ണർക്ക് സർക്കാർ നിർദ്ദേശം നൽകി. തൃക്കാക്കരയിൽ വോട്ടുള്ള എന്നാൽ മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന ജീവനക്കാർക്കും അവധി ബാധകമായിരിക്കും.

Find Out More:

Related Articles: