തൃക്കാക്കര തിരംഞ്ഞെടുപ്പു ഇങ്ങനെയായിരിക്കും! അന്തരിച്ച പിടി തോമസ് എംഎൽഎയുടെ ഒഴിവ് നികത്താനായി നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പത്നി ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാർഥി. ഹൃദ്രോഗ വിദഗ്ധൻ ജോ ജോസഫിനെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തം. സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏറ്റവുമാദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച മുന്നണിയും യുഡിഎഫ് ആയിരുന്നു. മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തക എന്ന നിലയിലാണ് രാഷ്ട്രീയരംഗത്തെത്തിയതെങ്കിലും ഭർത്താവ് സജീവ രാഷ്ട്രീയപ്രവർത്തനത്തിൽ പ്രവേശിച്ചപ്പോൾ ഉമ തോമസ് ഐടി കമ്പനി ജീവനക്കാരിയായി.
നിലവിൽ ആസ്റ്റർ മെഡിസിറ്റി ഫിനാൻസ് വിഭാഗം അസിസ്റ്റൻ്റ് മാനേജരാണ് ഉമ തോമസ്. തൃക്കാക്കരയിൽ പിടി തോമസ് തുടങ്ങി വെച്ച വികസനപ്രവർത്തനങ്ങൾ തുടരുമെന്നും ഉമ പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പിടി തുടർന്ന അച്ചടക്കം തുടരുമെന്ന് വ്യക്തമാക്കിയ ഉമ പാർട്ടി ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ സ്ഥാനാർഥിത്വം സംബന്ധിച്ച് മാധ്യമങ്ങളോടു നിശബ്ദത പാലിച്ചു. വ്യക്തമായ യുഡിഎഫ് ചായ്വുള്ള മണ്ഡലത്തിൽ മുൻ എംഎൽഎയുടെ പത്നിയെ തന്നെ മത്സരരംഗത്തിറക്കുക വഴി സീറ്റ് കൈവിടാതിരിക്കാം എന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി മുന്നണി നടത്തിയ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ജോയുടെ ജോലിസ്ഥലമായ ലിസി ആശുപത്രിയിൽ നടത്തിയ വാർത്താസമ്മേളനവും യുഡിഎഫ് വിവാദമാക്കിയിരുന്നു.
എന്നാൽ ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന വാദം തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ തീരുമാനിച്ചതോടെ വിവാദം അവസാനിച്ചു. അതേസമയം, ക്രിസ്ത്യൻ മതവിശ്വാസിയെന്ന പ്രതിച്ഛായയും ഡോക്ടറുടെ പൊതുജന സ്വീകാര്യതയും മുതൽക്കൂട്ടാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ഉറച്ച യുഡിഎഫ് മണ്ഡലമായ തൃക്കാക്കരയിൽ നിന്ന് അധികമായി പിടിച്ചെടുക്കുന്ന ഓരോ വോട്ടും മുതൽക്കൂട്ടാകുമന്നും വിജയം ഉറപ്പിക്കാനായാൽ സർക്കാരിൻറെ നേട്ടമായി ഉയർത്തിക്കാണിക്കാമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജില്ലയിലെ പ്രബലരായ സിപിഎം നേതാക്കളെയും പൊതുസമ്മതരായ സ്വതന്ത്രരെയും മാറ്റി നിർത്തിയുള്ള പരീക്ഷണത്തിനാണ് സിപിഎം മുതിർന്നത്.
പാർട്ടി പ്രവർത്തകനും പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോ ജോസഫ് ആണ് ഇടതുമുന്നണി സ്ഥാനാർഥി.എന്നാൽ ആം ആദ്മി പാർട്ടി - ട്വൻ്റി 20 കൂട്ടായ്മയിൽ ഇത്തവണ തൃക്കാക്കരയിൽ സ്ഥാനാർഥിയുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇരുപാർട്ടികളും ചേർന്ന് മുന്നണി രൂപീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത്തവണ തൃക്കാക്കരയിൽ കളത്തിൽ ഇറങ്ങേണ്ട എന്നാണ് ഇരുപാർട്ടികളുടെയും തീരുമാനം. രണ്ടുവട്ടം ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവ സമ്പത്ത് എഎൻ രാധാകൃഷ്ണനുണ്ട്. ക്രിസ്ത്യൻ വോട്ടർമാരെ ഒപ്പം നിർത്താനുള്ള ബിജെപി തന്ത്രത്തിൻ്റെ പരീക്ഷണക്കളരിയാകുമോ തൃക്കാക്കര എന്നതും കണ്ടറിയേണ്ടതുണ്ട്. നഗരസ്വഭാവമുള്ള മണ്ഡലത്തിൽ മോദി അനുകൂല വോട്ടുകളും ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രമാനുഗതമായി വോട്ടുവിഹിതം വർധിച്ചു വരുന്ന മണ്ഡലത്തിൽ ഇക്കുറിയും ബിജെപിയുടെ പ്രതീക്ഷ മറ്റൊന്നല്ല.