പാർട്ടി എംപിമാരോട് എല്ലാ തലത്തിലും ഐക്യം ആവശ്യപെട്ട് സോണിയാ ഗാന്ധി! ആഴ്ച തോറും നടക്കുന്ന പാർട്ടി എംപിമാരുടെ യോഗത്തിൽ വച്ചാണ് സോണിയാ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും സോണിയാ ഗാന്ധി പറഞ്ഞു. തന്റെ നിർദ്ദേശങ്ങൾ ഗൗരവമായി തന്നെ കണക്കാക്കണമെന്നും സോണിയ എംപിമാരെ അറിയിച്ചു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ എല്ലാ തലത്തിലും ഐക്യത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവയിൽ പലതിനുമായി പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു.
പാർട്ടിക്കുള്ളിൽ മാറ്റം ആവശ്യപ്പെട്ട് രംഗത്തുള്ള ജി 23 നേതാക്കൾക്കുള്ള സന്ദേശമാണ് സോണിയയുടെ ഐക്യ ആഹ്വാനമെന്ന് കരുതുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികൾ ആവശ്യപ്പെടേണ്ടി വരുമെന്നും സോണിയ വ്യക്തമാക്കി. അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിങ്ങൾ എല്ലാവരും എത്രത്തോളം നിരാശരാണന്ന് എനിക്ക് വ്യക്തമായി അറിയാം തീർത്തും ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. നമ്മുടെ സമർപ്പണവും നിശ്ചയ ദാർഢ്യവും തിരിച്ചുവരവുമെല്ലാം കടുത്ത പരീക്ഷണമാണ് നേരിടുന്നത് എന്നും സോണിയ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി മീറ്റിങ്ങ് ഉടൻ വിളിച്ച് ചേർത്തിരുന്നു.
ഭരണമുണ്ടായിരുന്ന പഞ്ചാബിൽ അടക്കം തിരിച്ചടി നേരിട്ട സാഹചര്യത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേതൃ മാറ്റത്തിന് സന്നദ്ധത അറിയിച്ചിരുന്നു. പാർട്ടിക്കുള്ളിൽ നിലവിലെ സാഹചര്യത്തിൽ എല്ലാ തലങ്ങളിലും ഐക്യമുണ്ടാകേണ്ടത് സുപ്രധാനമാണ്. ഈ ഐക്യം ഊട്ടിയുറപ്പിക്കാൻ പാർട്ടി പ്രസിഡന്റെന്ന നിലയിൽ എന്ത് ചെയ്യാനും തയ്യാറാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെ വിലയിരുത്താനും ആത്മപരിശോധന നടത്താനും ചിന്തൻ ശിബിർ ചേരാനുള്ള പ്രവർത്തക സമിതിയുടെ ആവശ്യം പ്രധാനപ്പെട്ടതാണ്. ഇതിൽ എല്ലാ നേതാക്കളുടേയും അഭിപ്രായങ്ങൾ ചോദിക്കും. കോൺഗ്രസ് പാർട്ടി നേരിടുന്ന വെല്ലുവിളികളെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നേതാക്കളുടെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.