റഷ്യ - യുക്രൈൻ പ്രശ്നം അവസാനിക്കുന്നില്ല! ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ബന്ധപ്പെടുന്നുണ്ടെന്നും പ്രശ്നത്തിൽ ഉടൻ നയതന്ത്ര പരിഹാരമുണ്ടാക്കുകയാണ് വേണ്ടെതെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അറിയിച്ചു. യുക്രൈനിലുള്ള 20,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഇന്ത്യ അറിയിച്ചു.റഷ്യ - യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ഇന്ത്യ നിലപാടറിയിച്ചത്. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിനിടെ വിഷയത്തിൽ നയതന്ത്ര പരിഹാരം ആവശ്യപ്പെട്ട് ഇന്ത്യ. പ്രശ്നം വഷളാക്കുന്ന നീക്കങ്ങൾ എല്ലാ കക്ഷികളും ഒഴിവാക്കണമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ യുഎൻ അംബാസഡറായ ടിഎസ് തിരുമൂർത്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ പരിഹാരം മുന്നോട്ടു വെച്ചത്. അതേസമയം, ഇരുവശത്തും സുഹൃദ്‍രാജ്യങ്ങളുള്ളതിനാൽ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനാകാത്ത അവസ്ഥയിലാണ് ഇന്ത്യ.നയന്ത്രബന്ധത്തിലൂടെ പ്രശ്നം പരിഹരിക്കണണെന്ന് ആവശ്യപ്പെട്ട ഇന്ത്യ ഇതുവരെ വിഷയത്തിൽ വ്യക്തമായി ഏതെങ്കിലും പക്ഷം ചേർന്നിട്ടില്ല. എന്നാൽ റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന പ്രതീതിയുണ്ടായാൽ യുഎസിൽ നിന്നും സഖ്യരാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് നയതന്ത്ര പ്രതിസന്ധി നേരിട്ടേക്കും.
റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രശ്നം തണുപ്പിക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാണ്. ഇതിനിടെ റഷ്യ യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും റഷ്യ സൈനികരുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്തതെന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ഏതു നിമിഷവും ആക്രമണം നടന്നേക്കാവുന്ന സാഹചര്യമാണുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുക്രൈൻ അനുകൂല നിലപട് മൂലം റഷ്യയും യുഎസും തമ്മിലുള്ള ബന്ധവും കൂടുതൽ വഷളായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മെൽബണിൽ ചേർന്ന ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യ യുഎസ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ യുക്രൈനെ ആക്രമിച്ചാൽ തിരിച്ചടിയ്ക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്താക്കിയത്. അന്താരാഷ്ട്ര നിയമസംവിധാനത്തോടു കൂറുള്ള ഇന്ത്യ യുഎസിനെ പിന്തുണയ്ക്കുമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. വിഷയത്തിൽ യുക്രൈനെ സംരക്ഷിക്കുന്ന നിലപാടാണ് യുഎസ് അടക്കമുള്ള നാറ്റോ രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ ജപ്പാൻ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുത്തു.