കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; ഒറ്റക്കെട്ടായി നീങ്ങാൻ എ, ഐ ഗ്രൂപ്പുകളോ? ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി ശക്തമായിരുന്നുവെങ്കിലും സംഘടനാ തെരഞ്ഞെടുപ്പിൽ സംയുക്തമായി നീങ്ങാനുള്ള തീരുമാനത്തെ തുടർന്നാണ് ഗ്രൂപ്പുകൾ വിഷയത്തിൽ പ്രതികരണം നടത്താതിരുന്നത്. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾക്കുള്ളിൽ ധാരണയായതായി റിപ്പോർട്ട്. സംസ്ഥാന കോൺഗ്രസിന് പുതിയ നേതൃത്വം ഉണ്ടാകുകയും ഹൈക്കമാൻഡിൽ നിന്നും പിന്തുണ കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗ്രൂപ്പുകളുടെ പുതിയ നീക്കം. ഡിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ നടത്തിയ പ്രതികരണങ്ങൾ പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാതിരിക്കുകയും തിരിച്ചടിയുണ്ടാക്കുകയും ചെയ്തിരുന്നു. ഒപ്പംനിന്ന നേതാക്കളിൽ പലരും ഗ്രൂപ്പുകളിൽ നിന്നകലുകയും ചെയ്തു.
ഹൈക്കമാൻഡിന് പരാതികൾ നൽകിയെങ്കിലും ആവശ്യമായ പരിഗണന ലഭിക്കാതിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തിയുണ്ടെങ്കിലും തൽക്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലെത്തിയത്. തുടർച്ചയായി തിരിച്ചടികൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പിൽ സംയുക്തമായി നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് കയ്യൊഴിയുകയും സംസ്ഥാന കോൺഗ്രസിന് പുതിയ നേതൃത്വം ഉണ്ടാകുകയും ചെയ്തതോടെയാണ് എ, ഐ ഗ്രൂപ്പുകൾ പ്രതിസന്ധിയിലായത് ഗ്രൂപ്പ് നേതാക്കളും വിശ്വസ്തരും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പരസ്പരം മത്സരിക്കാതെ കൈകോർത്ത് മുന്നോട്ട് പോകാനാണ് ധാരണ. ജില്ല തിരിച്ച് അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകൾ ഉദ്ദേശിക്കുന്നത്. ഇതിനായി ഓൺലൈനായും അംഗങ്ങളെ ചേർക്കാം. അംഗത്വവിതരണ പുസ്തകങ്ങൾ നവംബർ രണ്ടാം ആഴ്ചയെത്തും. കെ സുധാകരൻ - വി ഡി സതീശൻ നേതൃത്വത്തിന് കീഴിൽ സംസ്ഥാന കോൺഗ്രസ് പൂർണായി എത്തുന്ന പശ്ചാത്തലത്തിൽ സംഘടനാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഐ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്ന കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ മുരളീധരൻ എന്നിവർ ഗ്രൂപ്പുകളിൽ നിന്നകന്നു കഴിഞ്ഞു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് ഇവർ പിന്തുണ നൽകുന്നത്. ഈ സാഹചര്യം തിരിച്ചടിയാകുമെന്ന നിഗമനം ഗ്രൂപ്പുകൾക്കുണ്ട്.
ഗ്രൂപ്പുകൾ സ്വന്തം ആളുകളെ നിർത്തി വിജയിപ്പിച്ചെടുക്കുന്ന സാഹചര്യം ഇന്നു കേരളത്തിലില്ലെന്നും നേതാക്കളിൽ മാത്രം നിലനിൽക്കുന്ന വികാരമായി ഗ്രൂപ്പുകൾ മാറിയെന്നും സുധാകരൻ വ്യക്തമാക്കിയത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൻറെ ഭാഗമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്നാൽ താൻ മത്സരിക്കുമെന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സാഹചര്യം ഗ്രൂപ്പുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ബ്ലോക്ക് തലത്തിൽ നിന്നാണ് കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 280 കെപിസിസി അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പുകൾക്ക് ശക്തമായി തിരിച്ചുവരേണ്ട സാഹചര്യമുള്ളതിനാൽ രമേശ് ചെന്നിത്തല മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ല. ചെന്നിത്തല മത്സരരംഗത്ത് ഇല്ലെങ്കിൽ എ ഗ്രൂപ്പിൽ നിന്ന് മത്സരിപ്പിക്കുന്ന ആളിന് ഐ ഗ്രൂപ്പ് പിന്തുണ നൽകുകയും ചെയ്യും.