മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു; ശ്രമം തുടരുമെന്നു രമേശ് ചെന്നിത്തല! നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവന്നെങ്കിലും മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ സ്കൂൾ കുട്ടികളുമായി സംവദിക്കവെയാണ് ചെന്നിത്തല മനസു തുറന്നത്. താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ഐക്കൺ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ സജീവമായിരുന്നു. എന്നാൽ ദയനീയ തോൽവിയാണ് കോൺഗ്രസ് നേരിട്ടത്. അഭിപ്രായ സർവ്വേകളിൽ ഭരണ തുടർച്ച പ്രവചിച്ചപ്പോൾ എക്സിറ്റ് പോളിൽ ജനവികാരം മറിച്ചാണെന്നാണ് കെപിസിസി കരുതിയത്.
ഫലം വരുന്നതുവരെ രമേശ് ചെന്നിത്തലയും സംഘവും ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പട നയിച്ചു തോറ്റതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥാനത്യാഗം ചെയ്യേണ്ടി വന്നിരുന്നു. ചെന്നിത്തലയ്ക്ക് പിൻഗാമിയായി വിഡി സതീശനും മുല്ലപ്പള്ളിക്കു പകരം കെ സുധാകരനും നിയോഗിക്കപ്പെട്ടു. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ പത്ത് സീറ്റ് പിടിച്ചുവാങ്ങി മത്സരിച്ച കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് രണ്ടിടത്ത് മാത്രമായിരുന്നു ജയം. ആർഎസ്പിക്ക് സംപൂജ്യരാകേണ്ടിവന്നു.
കോൺഗ്രസിലെ തമ്മിലടിയും പടപ്പിണക്കവുമാണ് കനത്ത പരാജയത്തിന് ഇടയാക്കിയത്. ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് പിജെ ജോസഫിനെ കൂടെക്കൂട്ടിയത് പരാജയത്തിന്റെ ആക്കം കൂട്ടി. മധ്യകേരളത്തിൽ ജോസഫ് വിഭാഗത്തിന് ചലനം ഉണ്ടാക്കാൻ ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ല. 93 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 72 ഇടത്തും പരാജയപ്പെട്ടിരുന്നു.
27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിന് 15 ഇടത്താണ് വിജയിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിനു പിന്നാലെ ഹൈക്കമാന്റ് ഇടപെട്ടാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കിയത്.
നേതൃസ്ഥാനത്തിരിക്കെ ഒന്നാം പിണറായി സർക്കാരിനെതിരെ ദിനേനയെന്നോണം ആരോപണങ്ങളുമായി ചെന്നിത്തല സജീവമായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് ഞാൻ. മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് ശ്രമം ഉപേക്ഷിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിനായുള്ള ശ്രമം തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭാവിയെക്കുറിച്ച് സ്വപ്നം കാണണമെന്ന് രമേശ് കുട്ടികളോട് പറഞ്ഞു.