മോദി സർക്കാർ ആയിരം കോടി രൂപ ചെലവഴിച്ച്‌ ചാര സോഫ്റ്റ്വെയർ വാങ്ങാൻ ഉപയോഗിച്ചുവെന്ന് കെ സുധാകരൻ!

Divya John
മോദി സർക്കാർ ആയിരം കോടി രൂപ ചെലവഴിച്ച്‌ ചാര സോഫ്റ്റ്വെയർ വാങ്ങാൻ ഉപയോഗിച്ചുവെന്ന് കെ സുധാകരൻ! കൊവിഡ് മൂലം രാജ്യം നട്ടംതിരിയുമ്പോഴാണ് ചാര സോഫ്റ്റ്വെയർ വാങ്ങാൻ കേന്ദ്രം ഇത്രയും രൂപ ചെലവഴിച്ചതെന്നും സുധാകരൻ പറഞ്ഞു. ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച് എഐസിസിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങാൻ കേന്ദ്രസർക്കാർ ആയിരം കോടി രൂപ ചെലവഴിച്ചെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഓരോ പാർട്ടിയുടേയും ആഭ്യന്തര കാര്യങ്ങൾ ചോർത്തിയത് കിരാത നടപടിയാണ്. രാഹുലിന്റെ ഫോൺ ചോർത്തിയാൽ കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


   അമിത്ഷാ ഇതിന് ഉത്തരവാദിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. അമിത് ഷായെ തള്ളിപ്പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്ന് പറയേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു. ചാര സോഫ്റ്റ്വെയറും ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയുടെ ഉത്പന്നങ്ങളും ഇന്ത്യയിൽ വാങ്ങുന്നത് കേന്ദ്രസർക്കാർ മാത്രമാണ്. ഇതിനായി നൂറ് മുതൽ ആയിരം കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്. അന്തസും ആഭിജാത്യവും തറവാടിത്തവും ഇല്ലാത്ത സർക്കാരിനു മാത്രമേ ഇത്തരം ചാര പ്രവർത്തനത്തിന് നേതൃത്വം നൽകാനാകൂ എന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം നേരത്തെ ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.



   ആരോപണങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും സുധാകരൻ പറഞ്ഞു. സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി. ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐടി ഇന്റർമീഡിയറി റൂളുകൾക്കെതിരെ റിപ്പോർട്ട് എഴുതിയതിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാൻ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവർക്കും അറിയാം- സുധാകരൻ വ്യക്തമാക്കി. 



  പൗരന്മാരുടെ ഫോണുകളിൽ നിന്ന് ഡേറ്റ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടൽ നടത്തുകയാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ആക്സസിബിലിറ്റി ഉള്ള 'പെഗാസസ്' എന്ന സ്പൈ സോഫ്റ്റ്വെയർ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേയും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്. അടിയന്തിരാവസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് ഷാ- മോദി കൂട്ടുകെട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ ഭരണപരാജയങ്ങളും ഗുരുതരമായ വീഴ്ച്ചകളും കച്ചവട താൽപര്യങ്ങളും തുറന്നുകാട്ടുന്നവരുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ചോർത്തി അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസ്സവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Find Out More:

Related Articles: