ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന്! മെയ് 31 തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള തീയതി. ഇടതുമുന്നണിയ്ക്കായി സിപിഐ അംഗം ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. അടൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ് അദ്ദേഹം. പതിനഞ്ചാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. പ്രതിപക്ഷമായ യുഡിഎഫിന് 41 അംഗങ്ങളാണുള്ളത്. അതേസമയം സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സാധ്യതയുണ്ട്. 99 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും ജയം ഉറപ്പാണ്. സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ മൂന്ന് അംഗങ്ങ സഭയിൽ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസന്റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് എത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
സ്പീക്കർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എംബി രാജേഷിനെതിരെ കോൺഗ്രസ് അംഗം പിസി വിഷ്ണുനാഥായിരുന്നു മത്സരിച്ചത്. രാജേഷ് 96 വോട്ട് നേടിയപ്പോൾ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് ലഭിച്ചത്. 56 വോട്ടിൻറെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സ്പീക്കർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എംബി രാജേഷിനെതിരെ കോൺഗ്രസ് അംഗം പിസി വിഷ്ണുനാഥായിരുന്നു മത്സരിച്ചത്. രാജേഷ് 96 വോട്ട് നേടിയപ്പോൾ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് ലഭിച്ചത്. 56 വോട്ടിൻറെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. നിലവിലെ സാഹചര്യത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ തന്നെ തെരഞ്ഞെടുക്കപ്പെടും. അതേസമയം അടൂരിൻ്റെ സ്വന്തം ജനപ്രതിനിധിയായ ചിറ്റയം ഗോപകുമാർ ഇനി കേരള നിയമസഭയുടെ ഡെപ്യുട്ടി സ്‌പീക്കറാകും. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കഴിഞ്ഞ രണ്ട് തവണയായി അടൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ചിറ്റയം ഗോപകുമാറിന് പറയാനുള്ളത്.
1965 മേയ് 31 ന് കൊട്ടാരക്കരയിലെ ചിറ്റയം ഗ്രാമത്തിൽ ടി. ഗോപാലകൃഷ്ണൻറെയും ടി.കെ. ദേവയാനിയുടേയും മകനായിട്ടാണ് ജനിച്ചത്. എഐഎസ്എഫ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് കെ ജി ഗോപകുമാർ എന്ന ചിറ്റയം ഗോപകുമാറിൻ്റെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ചിറ്റയം ഗോപകുമാർ. 1995 ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ മത്സരിച്ച ചിറ്റയം ഗോപകുമാർ ആദ്യ അവസരത്തിൽ വൻ വിജയം നേടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി.
2009 ൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു . കോൺഗ്രസിൻ്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തിരുവഞ്ചുർ രാധാകൃഷ്ണൻ നില നിർത്തിയിരുന്ന അടൂർ മണ്ഡലത്തെ 2011 ൽ ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം ഗോപകുമാർ കോൺഗ്രസിലെ പന്തളം സുധാകരനെ തോല്പിപ്പിച്ച് ചെങ്കൊടി പാറിച്ചു. തുടർന്ന് 2016 ലെ അങ്കത്തിൽ കെ. കെ. ഷാജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ച് വീണ്ടും അടൂരിൽ ഇടത് കോട്ട ഉറപ്പിച്ചു . ഇക്കുറി ഹാട്രിക്ക് വിജയത്തിനായിറങ്ങിയ ചിറ്റയത്തെ അടൂർ മണ്ഡലം വീണ്ടും ഹൃദയത്തോട് ചേർത്തു നിർത്തി .
കോൺഗ്രസിലെ എംജി കണ്ണനെയാണ് ഇത്തവണ ചിറ്റയം ഗോപകുമാർ തോൽപിച്ചത്. പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ദൗത്യവും നുറു ശതമാനം സത്യസന്ധതയോടെ പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇപ്പോൾ ലഭിച്ച സ്ഥാനത്തിൽ സന്തോഷമുണ്ടെങ്കിലും അമിതാഹ്ലാദമില്ലെന്നും ചിറ്റയം പ്രതികരിച്ചു. ഏൽപ്പിച്ച ഈ ദൗത്യവും വിജയകരമായി പൂർത്തിയാക്കുമെന്നും മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനും തന്നെയാണ് മുൻഗണന നൽകുന്നത് എന്നുമായിരുന്നു ചിറ്റയം ഗോപകുമാറിൻ്റെ ആദ്യ പ്രതികരണം.