ലക്ഷദ്വീപ് ജില്ലാ കളക്ടർക്കു നേരെ പ്രതിഷേധം; കരിങ്കൊടി കാട്ടി ഡിവൈഎഫ്ഐ, സിപിഐ പ്രവർത്തകർ രംഗത്ത്. Protest against Lakshadweep District Collector; DYFI and CPI activists raise black flagsഅഡ്മിനിസ്ട്രേറ്റർ പ്രൊഫുൽ കെ പട്ടേലിനെ ന്യായീകരിച്ച ലക്ഷദ്വീപ് ജില്ലാ കളക്ടർക്കു നേരെ ഡിവൈഎഫ്ഐ, സിപിഐ പ്രതിഷേധം. പ്രതിഷേധിച്ച ഡിവൈഎഫ്ഐ, സിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ലക്ഷദ്വീപ് വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കളക്ടർ ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വികസനത്തിനായുള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമാണ് കളക്ടർ എസ് അസ്കർ അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
സ്ഥാപിത താൽപര്യക്കാർ നുണ പ്രചരിപ്പിക്കുകയാണ്. സ്ത്രീകൾക്കു വേണ്ടി സ്വാശ്രയ സംഘങ്ങൾ തുടങ്ങി. ദ്വീപിൽ ഇന്റർനെറ്റ് സംവിധാനം ശക്തിപ്പെടുകയാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്കാണ് തെരഞ്ഞെടുപ്പിൽ അയോഗ്യതയുള്ളതെന്നും കളക്ടർ പറഞ്ഞു.ടൂറിസം രംഗത്ത് വലിയ പദ്ധതികൾ നടപ്പാക്കുകയാണെന്നും അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്നും കളക്ടർ പറഞ്ഞു. അതേസമയം ദ്വീപിനെ ഭരണ പരിഷ്‌കാരങ്ങൾ ദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ളതാണെന്ന് കളക്‌ടർ എസ് അസ്കർ അലി വ്യക്തമാക്കി. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫൂൽ ഖോഡ പട്ടേലിൻ്റെ ഭരണ പരിഷ്‌കാരങ്ങൾ വിവാദമായിരിക്കെ വിശദീകരണവുമായി കളക്‌ടർ.
ദ്വീപിൽ ഗോവധ നിരോധനം നടപ്പാക്കിയെന്ന് വ്യക്തമാക്കിയ നിലവിലേത് കളക്‌ടർ വികസന പ്രവർത്തനങ്ങൾ ആണെന്ന് വ്യക്തമാക്കി. പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്. ദ്വീപിൽ മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. സ്‌ത്രീകൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്
. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കളക്‌ടർ പറഞ്ഞു. പരിഷ്‌കാരങ്ങളിലൂടെ ദ്വീപിലെ ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാര മേഖലയ്‌ക്ക് മാത്രമായിരിക്കും മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസ് ഉണ്ടായിരിക്കുകയെന്നും വാർത്താ സമ്മേളനത്തിൽ കളക്‌ടർ വ്യക്തമാക്കി.കവരത്തിയിലും മിനിക്കോയിയിലുമാകും ആശുപത്രികൾ വരുക. പുതിയ ഓക്‌സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കാനും തീരുമാനമായി. അഗത്തി വിമാനത്താവളം നവീകരിക്കുമെന്നും കളക്‌ടർ വ്യക്തമാക്കി.മാതൃകാ മത്സ്യഗ്രാമം സൃഷ്ടിക്കുന്നതിനൊപ്പം ഇൻ്റർനെറ്റ് പദ്ധതികൾ പൂർത്തിയാക്കും.
ആരോഗ്യ മേഖല ശക്തിപ്പെടുത്താൻ കൂടുതൽ ആശുപത്രികൾ സ്ഥാപിക്കും.കവരത്തിയിൽ പുതിയ സ്‌കൂളുകൾ ആരംഭിക്കും. മംഗലാപുരം തുറമുഖമായുള്ള ബന്ധം ദ്വീപിന് ഗുണകരമാകും. ടൂറിസ്‌റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികളാണ് സ്വീകരിക്കുക. മാസങ്ങൾക്ക് മുൻപ് ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. പോക്‌സോ കേസുകളും റിപ്പോർട്ട് ചെയ്‌തു. ഈ സാഹചര്യത്തിലാണ് ദ്വീപിൽ നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. വിദ്യർഥികളുടെ ഉച്ചഭക്ഷണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത് ആലോചനകൾക്ക് ശേഷമാണ്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവ് കൊണ്ടാണെന്നും കളക്ടർ പറഞ്ഞു.
വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ സംഘപരിവാർ സംഘടനകളിൽ നിന്ന് സൈബർ അധിക്ഷേപം നേരിടുന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന് പിന്തുണ നൽകുമെന്നും ഫേസ്‌ബുക്ക് പേജിലൂടെ ഡിവൈഎഫ്ഐ വ്യക്തമാക്കി. ദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് കേരളാ നിയമസഭയിൽ പ്രമേയം പാസാക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കർ പരിശോധിച്ചു തുടങ്ങി.ബിജെപി ഒഴികെയുള്ള മറ്റ് പ്രധാന പാർട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. സഭയിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിനാൽ സംയുക്തമായിട്ടായിരിക്കും പ്രമേയം പാസാക്കുക.