നിലപാട് ആവർത്തിച്ച് അമിത് ഷാ

VG Amal

ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപെട്ടു.  

എന്തുവന്നാലും ഈ അഭയാര്‍ഥികള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും പുതിയ നിയമം കൊണ്ട് ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം നിയമം കൃത്യമായി വായിച്ചുനോക്കി അതിന്റെ അര്‍ഥം മനസിലാക്കണം.

മുസ്ലീം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമം വെബ്‌സൈറ്റിലുണ്ട്. ആദ്യം അത് വായിക്കൂ- അമിത് ഷാ പറഞ്ഞു. 

പുതിയ നിയമം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്രയുകാലം അവര്‍ ജോലിയും ഭൂമിയും ഒന്നുമില്ലാതെ ജീവിച്ചു. അവരുടെ ജീവിതസാഹചര്യവും എങ്ങനെയാണ് അവര്‍ ജീവിക്കുന്നതെന്നും പോയി കാണണമെന്നാണ് എനിക്ക് രാഷ്ട്രീയ പാര്‍ട്ടികളോട് പറയാനുള്ളത്. അഭയാര്‍ഥികളായ ഹിന്ദുക്കളും സിഖുകാരും അടക്കമുള്ളവര്‍ ഇന്ത്യയിലേക്ക് അല്ലാതെ വേറെ എവിടേക്ക് പോകുമെന്നും അമിത് ഷാ ചോദിച്ചു

Find Out More:

Related Articles: