അവർ ചാവേറുകളല്ല; ഇരകളാണ്! അടുത്തകാലം വരെ കണ്ണൂരിലേയും തലശ്ശേരിയിലേയും രാഷ്ട്രീയ പകപോക്കലുകൾ അങ്ങനെ തന്നെയായിരുന്നു. ഇതുവരെ കേട്ട കണ്ണൂർ രാഷ്ട്രീയ വൈരാഗ്യത്തിലെ മറ്റൊരു ഏട് പറയുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു രചനയും ടിനു പാപ്പച്ചൻ സംവിധാനവും നിർവഹിച്ച ചാവേർ. കൊന്നവരും കൊല്ലപ്പെട്ടവരുമല്ല തിരശ്ശീലയ്ക്ക് പിന്നിൽ നിൽക്കുന്നവർക്കാണ് രാഷ്ട്രീയക്കഥകൾ മുഴുവനുമറിയുന്നത്! കണ്ണൂർ രാഷ്ട്രീയം പറയുമ്പോൾ കത്തിയും ബോംബും കൊലപാതകവും നിർബന്ധമാണ്. കേരള രാഷ്ട്രീയത്തിൽ നിരന്തരം ഇടപെടലുകൾ നടത്താറുള്ള ജോയ് മാത്യു തന്റെ പുതിയ രചനയിലും രാഷ്ട്രീയ നിലപാടുകളും അതിനകത്തെ കറുത്ത സത്യങ്ങളും ചേർത്തുവെച്ചിട്ടുണ്ട്. ഒരുപക്ഷേ, കണ്ണൂരിനപ്പുറം, മലബാറിന്റെ വേരുകൾ അവസാനിക്കുന്നിടത്ത് ചാവേറിലൊളിപ്പിച്ചുവെച്ച ചില കാഴ്ചപ്പാടുകൾ തിരിച്ചറിയാനായെന്ന് വരില്ല.
എന്നാൽ കേരള രാഷ്ട്രീയം സ്ഥിരം വീക്ഷിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തിരിച്ചറിയാവുന്ന നിരവധി സൂചനകൾ ഒളിച്ചുവെക്കുന്നുണ്ട് ചാവേർ സിനിമ. എന്താണ് സിനിമ പറയാൻ ഉദ്ദേശിക്കുന്നതെന്ന് പ്രേക്ഷകൻ തിരിച്ചറിയണമെങ്കിൽ രണ്ടു മണിക്കൂറും പത്തു മിനുട്ടുമുള്ള സിനിമയുടെ അവസാന അരമണിക്കൂറിലെത്തണം. അതുവരെ പാർട്ടി ഗുണ്ടകളുടെ യാത്രയും അതിനിടയിൽ പെട്ടുപോയ ഡോക്ടർ വിദ്യാർഥിയുടെ കാഴ്ചകളും ഒന്നുമറിയാതെ പ്രതിയാക്കപ്പെടുന്ന ഫാർമസിസ്റ്റുമൊക്കെ പ്രേക്ഷകരെ പോലെ കഥയറിയാതെ ആട്ടം കാണുന്നവർ മാത്രമായിരിക്കും. മൂശയിൽ രൂപപ്പെടുത്തിയെടുക്കുന്ന പ്രതീകാത്മക വസ്തുക്കൾ പോലെയാണ് പാർട്ടി ചാവേറുകളേയും സൃഷ്ടിച്ചെടുക്കുന്നതെന്ന സൂചനയിലൂടെയാണ് ടൈറ്റിൽ കടന്നുപോകുന്നത്.
ഒരു കൊലപാതകവും അതിനു പിന്നിൽ പ്രവർത്തിച്ച പാർട്ടി ഗുണ്ടകൾ നേരിടുന്ന സംഘർഷങ്ങളും പരുക്കുകളും മുകളിൽ നിന്നുള്ള ഉത്തരവുകൾ അനുസരിക്കലുകളും അതിനിടയിലേക്ക് എത്തപ്പെടുന്ന മെഡിക്കൽ വിദ്യാർഥിയും മാത്രമായാണ് ആദ്യ പകുതി സിനിമ മുന്നോട്ടു പോകുന്നത്. കാര്യമായ രാഷ്ട്രീയമൊന്നുമില്ലാത്ത, തെയ്യം കെട്ടാൻ നേർച്ച നേർന്ന് ഒരു വർഷമായി ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് മാത്രം പ്രേക്ഷകർക്ക് അറിയാം. ആ കാര്യങ്ങൾ പോലും കൊലപാതകം നടത്തിയവർക്കറിയില്ല. കണ്ണൂർ രാഷ്ട്രീയത്തിലെ വ്യക്തിവൈരാഗ്യങ്ങളുടേയും കുടുംബ പ്രശ്‌നങ്ങളുടേയും ചില യഥാർഥ സംഭവങ്ങളെ കൂട്ടിയിണക്കിയാണ് ജോയ് മാത്യു ചാവേറിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേറിന്റെ റിലീസ് നേരത്തെ പലതവണ മാറ്റിവെച്ചിരുന്നു.കേരള രാഷ്ട്രീയത്തിൽ നിരന്തരം ഇടപെടലുകൾ നടത്താറുള്ള ജോയ് മാത്യു തന്റെ പുതിയ രചനയിലും രാഷ്ട്രീയ നിലപാടുകളും അതിനകത്തെ കറുത്ത സത്യങ്ങളും ചേർത്തുവെച്ചിട്ടുണ്ട്. ഒരുപക്ഷേ, കണ്ണൂരിനപ്പുറം, മലബാറിന്റെ വേരുകൾ അവസാനിക്കുന്നിടത്ത് ചാവേറിലൊളിപ്പിച്ചുവെച്ച ചില കാഴ്ചപ്പാടുകൾ തിരിച്ചറിയാനായെന്ന് വരില്ല. എന്നാൽ കേരള രാഷ്ട്രീയം സ്ഥിരം വീക്ഷിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തിരിച്ചറിയാവുന്ന നിരവധി സൂചനകൾ ഒളിച്ചുവെക്കുന്നുണ്ട് ചാവേർ സിനിമ.