അന്ന് പൊതുവേദിയിൽ നടന്നതെന്ത്: എന്താണ് നയാനും ധനുഷും തമ്മിലുള്ള പ്രശ്നം? തന്റെയും വിഘ്നേശിന്റെയും പ്രണയത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിയിൽ ഒഴിച്ചു മാറ്റാൻ കഴിയാത്ത സിനിമയാണ് ധനുഷ് നിർമിച്ച, വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത, നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ നാനും റൗഡിതാൻ എന്ന സിനിമ. ധനുഷിന് നയൻതാര എഴുതിയ ഓപ്പൺ ലെറ്ററാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. നെറ്റ്ഫ്ളിക്സിൽ റിലീസാകാൻ പോകുന്ന നയൻതാരയുടെ ഡോക്യുമെന്ററിയിൽ നാനും റൗഡിതാൻ എന്ന ചിത്രത്തിലെ ചില ക്ലിപ്സുകളും, പാട്ടും ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തെ കുറിച്ചാണ് നയൻതാരയുടെ ഓപ്പൺ ലെറ്റർ.ഡോക്യുമെന്ററിയ്ക്ക് വേണ്ടി ചിത്രച്ചിലെ മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള പാട്ടിന്റെ ക്ലിപ്സ് ഉപയോഗിച്ചതിന് 10 കോടി ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നയൻതാരയുടെ പ്രതികരണം.
ഷൂട്ടിങ് സമയത്ത് എടുത്ത ഫോട്ടോകൾ പോലും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ധനുഷ് സമ്മതിച്ചില്ല. ധനുഷിൽ നിന്ന് എൻഒസി കിട്ടാനായി രണ്ട് വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും കാത്തിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന ധനുഷ് പകവീട്ടുകയാണെന്ന് നയൻതാര പറയുന്നു. 2016 ൽ നടന്ന ഫിലിം ഫെയറിൽ നാനും റൗഡിതാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്കായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്കാരം. നാനും റൗഡിതാൻ, കാക്ക മുട്ടൈ തുടങ്ങിയ സിനിമകൾ നിർമിച്ച ധനുഷിമ് മികച്ച പ്രൊഡ്യൂസർക്കുള്ള പുരസ്കാരവും ആ വേദിയിൽ ലഭിച്ചിരുന്നു. 2016 ലെ ഫിലിംഫെയറിൽ തന്നെ അപമാനിച്ചതടക്കം ഒന്നും മറക്കില്ല എന്നും നയൻതാര ഓപ്പൺ ലെറ്ററിൽ കുറിച്ചിരുന്നു.
എന്താണ് അന്ന് സംഭവിച്ചത് എന്ന് തിരയുകയാണ് ആരാധകർ. മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തിയ നയൻതാര പരസ്യമായി ധനുഷിനോട് മാപ്പ് പറയുകയും ചെയ്തു. നാനും റൗഡിതാൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ ഈ പുരസ്കാരം, ഇതിന് തന്നെ പ്രാപ്തയാക്കിയ സംവിധായകനും, നായകനും അടക്കം ഓരോ ടെക്നീഷ്യനും നയൻതാര നന്ദി പറഞ്ഞു. അവസാനം ധനുഷിനോട് സോറിയും. അദ്ദേഹത്തിന് എന്റെ പെർഫോമൻസ് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുറപ്പാണ്, അതുകൊണ്ട് മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അന്ന് നയൻതാര പറഞ്ഞും വൈറലായി. സിനിമ റിലീസ് ചെയ്തിട്ട് പത്ത് വർഷവും, ഈ സംഭവം നടന്നിട്ട് എട്ട് വർഷങ്ങളുമായി. ഇപ്പോഴും ഇരുവർക്കുമിടയിലെ ആ പ്രശ്നങ്ങൾ തീർന്നിട്ടില്ല എന്ന് ഇപ്പോൾ പുറത്തുവന്ന ഈ ഓപ്പൺ ലെറ്ററിലൂടെ വ്യക്തം.
ആദ്യം പുരസ്കാരം സ്വീകരിക്കാനായി ക്ഷണിക്കപ്പെട്ട ധനുഷ്, കാക്കമുട്ടൈ എന്ന സിനിമയെ കുറിച്ചും അതിൽ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷിനെ കുറിച്ചും വാചാലയായി. ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ചുള്ള ധനുഷിന്റെ ഓരോ വാക്കും നയൻതാരയ്ക്ക് എതിരെയുള്ള കൊട്ടായിരുന്നു. എന്തെന്നാൽ ആ കാലത്ത്, നയൻതാര - വിക്കി പ്രണയം കൊടുംബിരി കൊണ്ടു നിൽക്കുകയായിരുന്നു. ഇവരുടെ പ്രണയം കാരണം ഷൂട്ടിങ് നീണ്ടുപോയി എന്നും നിർമാതാവിന് വലിയ തുക നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ച് ധനുഷ് പറഞ്ഞ ഓരോ വാക്കും നയൻതാരയ്ക്കെതിരെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടായിരുന്നില്ല.