നെയ്യാറ്റിൻകര കോമളം യാത്രയായി; പ്രേംനസീറിന്റെ ആദ്യനായികയുടെ ജീവിതം ഇങ്ങനെ!

Divya John
 നെയ്യാറ്റിൻകര കോമളം യാത്രയായി; പ്രേംനസീറിന്റെ ആദ്യനായികയുടെ ജീവിതം ഇങ്ങനെ! നെയ്യാറ്റിൻകരയിലെ വഴുതൂരിലുള്ള വീട്ടിൽ തന്റെ നാത്തൂനുമൊന്നിച്ചായിരുന്നു ജീവിതം. കോമളത്തെക്കുറിച്ച് അന്വേഷിക്കാനോ കാണാനോ ഒന്നും സിനിമാലോകം ശ്രമിച്ചിരുന്നില്ല. വാർദ്ധക്യത്തിൽ മാനസികമായ ഒറ്റപ്പെടൽ അവരെ അലട്ടിയിരുന്നു. പ്രേംനസീറിന്റെ ആദ്യ സിനിമയിലെ നായികയെന്ന നിലയിൽ ആഘോഷിക്കപ്പെട്ട കോമള മേനോൻ എന്ന നെയ്യാറ്റിൻകര കോമളം പക്ഷെ അവസാനകാലം ചെലവഴിച്ചത് കടുത്ത ഒറ്റപ്പെടലിൽ. അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അഭിനയരംഗം വിട്ട നെയ്യാറ്റിൻകര കോമളത്തിന്റെ പിൽക്കാല ജീവിതം അധികമാർക്കും അറിയില്ല. 21 വയസ്സിൽ അഭിനയരംഗം വിട്ടെങ്കിലും ദീർഘനാൾ അവർ വിവാഹം ചെയ്തില്ല. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി 35ാം വയസ്സിൽ വിവാഹം കഴിച്ചു. അച്ഛന്റെ അനന്തരവനായ ചന്ദ്രശേഖരനായിരുന്നു വരൻ.



അദ്ദേഹം എട്ടുവർഷത്തിനു ശേഷം മരണപ്പെട്ടു.
 പ്രേംനസീറിന് 21 വയസ്സുള്ളപ്പോഴാണ് കോമളം അദ്ദേഹവുമൊത്ത് അഭിനയിക്കുന്നത്. സെറ്റിൽ അധികമൊന്നും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു മരുമകളിൽ അഭിനയിക്കുമ്പോൾ പ്രേനസീർ. അന്ന് അബ്ദുൾ ഖാദർ എന്ന പേര് മാറ്റിയിട്ടില്ല. സേലത്ത് വെച്ചായിരുന്നു 20 ദിവസത്തെ ഷൂട്ടിങ്. പ്രേനസീറുമായുള്ള ബന്ധം മരണം വരെയും തുടർന്നു. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത് ലഭിച്ചിരുന്നു. ന്യൂസ് പേപ്പർ ബോയ്, സന്ദേഹി, ആത്മശാന്തി, മരുമകൾ, വനമാല എന്നിവയാണ് കോമളം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. നെയ്യാറ്റിൻകര മരുത്തൂർ കോവിച്ചൻവിള രവി മന്ദിരത്തിൽ പങ്കജാക്ഷ മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെയാളാണ് കോമളം.



നെയ്യാറ്റിൻകര സെന്റ് തെരേസാസിൽ ഇഎഎൽസി കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു സിനിമാ പ്രവേശം. നെയ്യാറ്റിൻകര കൃഷ്ണ ടാക്കീസ് മാനേജരായിരുന്നു സഹോദരീ ഭർത്താവിന്റെ പിന്തുണയിലായിരുന്നു അഭിനയരംഗത്തേക്കുള്ള വരവ്. യാഥാസ്ഥിതികരായ കുടുംബത്തിന്റെ എതിർപ്പുകൾക്കിടയിലാണ് സിനിമാഭിനയത്തിന് ഇറങ്ങിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ വഴുതൂരിലെത്തി കോമളത്തെ കണ്ടിരുന്നു. തന്റെ സുഹൃത്തായ വയലാർ വിനോദിൽ നിന്നാണ് 96കാരിയായ നെയ്യാറ്റിൻകര കോമളത്തിന്റെ വാർദ്ധക്യജീവിതവും ഒറ്റപ്പെടലുമെല്ലാം അറിഞ്ഞതെന്ന് അദ്ദേഹം പറയുകയുണ്ടായി. വാർദ്ധക്യത്തിന്റെ അവശതകൾ മൂലം എങ്ങോട്ടും പോകാറുണ്ടായിരുന്നില്ല. 



ആരും തിരഞ്ഞു വരാനുമില്ല. വെള്ളിത്തിരയിൽ ഏറെക്കാലം താരപരിവേഷത്തോടെ കഴിഞ്ഞ കോമളത്തിന് തന്റെ ഒറ്റപ്പെടൽ അസഹ്യമായിരുന്നു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. ന്യൂസ് പേപ്പർ ബോയിയിലെ അഭിനയത്തോടെ വീട്ടുകാരിൽ നിന്നുള്ള എതിർപ്പ് ശക്തമായി. ഇളയ സഹോദരനായ രവീന്ദ്രനാഥിന്റെ കുടുംബത്തോടൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം. നാത്തൂനായ നളിനകുമാരി അവരുടെ ഏറ്റവുമടുത്ത കൂട്ടുകാരി കൂടിയായി.

Find Out More:

Related Articles: