രഞ്ജിത്ത് അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയണം: വിഡി സതീശൻ!

Divya John
 രഞ്ജിത്ത് അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയണം: വിഡി സതീശൻ! കേരളത്തിലെ സിനിമാ രംഗത്ത് വലിയ സംഭാവനകൾ ചെയ്ത വ്യക്തിയാണ് സംവിധായകൻ രഞ്ജിത്തെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറയുന്നത്. സജി ചെറിയാൻ അഭിപ്രായത്തോട് താൻ യോജിക്കുന്നുമുണ്ട്. പക്ഷെ അദ്ദേഹത്തിനെതിരെ ഇപ്പോൾ ബംഗാളിലെ നടി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദം രഞ്ജിത്ത് ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണം. കാർക്കശ്യം നിറഞ്ഞ സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നിരപരാധികളെ മോശക്കാരാക്കണമെന്നും ആഗ്രഹമില്ല. പക്ഷെ അന്വേഷിക്കില്ലെന്ന സർക്കാർ നിലപാട് സിനിമാ ലോകത്തെയാകെ കരിനിഴലിൽ നിർത്തുകയാണ്. പരാതി നൽകിയാലേ കേസെടുക്കൂവെന്ന സർക്കാർ നിലപാട് വെറും വാശിയാണെന്നും അദ്ദേഹം പറഞ്ഞു.



സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു തെളിവുമില്ലെന്നും കേസുമായി മുന്നോട്ടു പോകാനാകില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതേത്തുടർന്ന് ആ ഉദ്യോഗസ്ഥനെ മാറ്റി പിണറായി സർക്കാർ മറ്റൊരാളെ നിയോഗിച്ചു. ആ ഉദ്യോഗസ്ഥനും തെളിവില്ലെന്നു പറഞ്ഞു. മൂന്നാമത് അന്വേഷിച്ച ഉദ്യോഗസ്ഥനും തെളിവില്ലെന്നു പറഞ്ഞു. സർക്കാരിന്റെ നിർബന്ധമുണ്ടായിട്ടും ഈ കേസുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടാണ് അന്വഷിച്ച എല്ലാ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. എന്നിട്ടാണ് പിണറായി സർക്കാർ അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചത്. സജി ചെറിയാൻ പറഞ്ഞതു പോലെ കോടതിയല്ല ഉമ്മൻ ചാണ്ടിയെ വെറുതെ വിട്ടത്. സി.ബി.ഐ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകി. ഒരു തെളിവുമില്ലെന്നും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നുമുള്ള സി.ബി.ഐയുടെ റിപ്പോർട്ട് കോടതി സ്വീകരിക്കുകയായിരുന്നു.



 ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും പിണറായി സർക്കാർ വേട്ടയാടുകയായിരുന്നുവെന്നാണ് സജി ചെറിയാന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു. സോളാർ കേസിൽ സി.ബി.ഐ സി.ബി.ഐ പറഞ്ഞത് കേട്ടില്ലേ, ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തത് വെറുതെയായില്ലേയെന്നാണ് മന്ത്രി സജി ചെറിയാൻ പറയുന്നത്. അതൊരു കുറ്റസമ്മതമാണ്. സോളാറുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ അന്വേഷിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതൽക്കെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.



അന്വേഷണം വേണ്ടെങ്കിൽ പിന്നെ എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ലൈംഗിക ചൂഷണ പരമ്പര നടന്നതു സംബന്ധിച്ച് ഇരകളുടെ മൊഴിയുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 199 അനുസരിച്ച് സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായെന്ന് അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെങ്കിൽ അതൊരു ക്രിമിനൽ കുറ്റമാണ്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെ തുടർന്ന് ജനങ്ങൾ സിനിമ ലോകത്തെ ഒന്നടങ്കം കുറ്റവാളികളായി കാണുകയാണ്. യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസെടുക്കില്ലെന്നല്ല, അന്വേഷണം പോലും നടത്തില്ലെന്ന നിലപാടിലാണ് സർക്കാർ. കുറ്റകൃത്യം നടന്നു എന്നതിന്റെ തെളിവ് പെൻഡ്രൈവും വാട്‌സാപ് ചാറ്റുകളും ഇരകളുടെ മൊഴികളുമായി സർക്കാരിന്റെ പക്കലുണ്ട്.



എന്നിട്ടാണ് പരാതി നൽകണമെന്ന് പറയുന്നത്. ഇരകളുടെ പേരുകൾ വെളിപ്പെടുത്താതെ തന്നെ സർക്കാരിന് അന്വേഷണം നടത്താം. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന് വേണ്ടപ്പെട്ടവർ സർക്കാരിനകത്തും പുറത്തും നിന്ന് സമ്മർദ്ദം ചെലുത്തുകയാണ്. സർക്കാർ ഇരകളെ തള്ളി വേട്ടക്കാർക്ക് വഴങ്ങിക്കൊണ്ടിരിക്കുകയാണ്. കമ്മിറ്റി റിപ്പോർട്ടും കയ്യിൽ വച്ചിട്ട് ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി കോൺക്ലേവ് നടത്തുമെന്ന നാടകം കേരളത്തിൽ വേണ്ട. റിപ്പോർട്ടിന് മേൽ സർക്കാർ നാലര കൊല്ലം അടയിരുന്നത് എന്തിനാണ്? കുറ്റകൃത്യം ഉണ്ടായാൽ നടപടി എടുക്കണ്ടേ? റിപ്പോർട്ട് പുറത്തു കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മാത്രമെ വിവരാവകാശ കമ്മിഷന് അധികാരമുള്ളൂ. അല്ലാതെ കേസെടുക്കേണ്ടെന്ന് കമ്മിഷൻ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Find Out More:

Related Articles: