പ്രണയ കഥയിലാറാടി ഹൃദയ ഹാരിയായ സുമേഷനും, സുമ ലതയും!

Divya John
 പ്രണയ കഥയിലാറാടി സുമേഷനും, സുമ ലതയും!  സുരേശനും സുമലതയും കൊഴുമ്മൽ രാജീവനും 1000 കണ്ണുമായി ഓട്ടോറിക്ഷയുമല്ലാതെ മറ്റാരും 'ന്നാ താൻ കേസ് കൊട്'ൽ നിന്നും 'സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലേക്ക് കയറി വന്നിട്ടുമില്ല. സുരേശൻ കാവുന്താഴെയും സുമലതയും ഇറങ്ങി വരുന്നത് 'ന്നാ താൻ കേസ് കൊട്'ൽ നിന്നാണ്. ന്നാ താൻ കേസ് കൊട്'ലെ രണ്ട് ഉപകഥാപാത്രങ്ങളെ പ്രധാന വേഷത്തിലെത്തിച്ച് ആദ്യ സിനിമയുടെ കെട്ടുപാടുകളില്ലാതെ രണ്ടാം സിനിമ പറയാനായിയെന്ന മികവ് 'ഹൃദയഹാരിയായ പ്രണയകഥ'യ്ക്കുണ്ട്. ആദ്യ സിനിമയിൽ കാസർക്കോട് ജില്ലയിൽ, കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കഥ നടക്കുന്നതെങ്കിൽ രണ്ടാം സിനിമയിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് ഇടം. ന്നാ താൻ കേസ് കൊട്' സിനിമയുമായി 'ഹൃദയഹാരിയായ പ്രണയകഥ'യോട് തോന്നാവുന്ന മറ്റൊരു സാമ്യം പാട്ടിലാണ്.



ആദ്യ സിനിമയിൽ ഉത്സവപ്പറമ്പിൽ കാതോടു കാതോരത്തിലെ 'ദേവദൂതർ പാടി'യാണ് വന്നതെങ്കിൽ രണ്ടാമത്തെ ചലച്ചിത്രത്തിൽ നാടക വേദിയിൽ നോക്കത്താ ദൂരത്ത് കണ്ണുംനട്ടിലെ 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ' ആണ് വരുന്നത്. കഥയുടെ കാലഘട്ടത്തെ പലതായി വിഭജിച്ച് അതിനെ വളരെ ബുദ്ധിപൂർവ്വവും കലാപരവുമായി സന്നിവേശിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ പാളിപ്പോയേക്കാവുന്ന പരീക്ഷണമാണ് സംവിധായകൻ നിർവഹിക്കുന്നത്. പല കാലങ്ങളെ സിനിമ അടയാളപ്പെടുത്തുന്നത് നിറവ്യത്യാസങ്ങളിലും സിനിമാ പോസ്റ്ററുകളിലുമാണ്. വേഷം, ഭാവം, ചമയം തുടങ്ങി ഒന്നിനൊന്ന് ശ്രദ്ധേയവും സൂക്ഷ്മവുമായി കൈകാര്യം ചെയ്യാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഒരു രംഗത്തിന്റെ തുടർച്ചയിൽ തന്നെ പഴയ കാലവും പുതിയ കാലവുമൊക്കെ പലയിടങ്ങളിലായി മാറി മറിയുന്നത് അത്രയും ശ്രദ്ധിച്ചു ചെയ്താൽ മാത്രമേ പ്രേക്ഷകരോട് സംവദിക്കുകയുള്ളു.



ഹൃദയഹാരിയായ പ്രണയകഥയിൽ ഏറ്റവും എടുത്തു പറയേണ്ട കഥാപാത്രം സുധീഷ് ചെയ്ത 'നാഹർ' അഥവാ നായരാണ്. സുധീഷിന്റെ മൂന്നരപ്പതിറ്റാണ്ടിലേറെ നീളുന്ന സിനിമാ രംഗത്തെ ഏറ്റവും വ്യത്യസ്തവും അതിലേറെ വെല്ലുവിളിയും നിറഞ്ഞ കഥാപാത്രത്തെയാണ് നാഹറിലൂടെ ഹൃദയഹാരിയായ പ്രണയകഥയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയം, ജാതി, സമകാലികമായ ചില സംഭവങ്ങൾ തുടങ്ങിയവയെ നിശിതമായി വിമർശിക്കുന്ന ചിത്രം കൂടിയാണ് സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. കേൾക്കുമ്പോൾ ഉപരിപ്ലവമെന്നു തോന്നിക്കുന്നതും എന്നാൽ ആഴത്തിൽ ചെന്നു തൊടുന്നതുമായ തലത്തിലാണ് സിനിമ വിമർശനം ഉയർത്തുന്നത്. ഇമ്മാനുവേൽ ജോസഫും അജിത്ത് തലപ്പിള്ളിയും നിർമിച്ച ഹൃദയഹാരിയായ പ്രണയകഥയുടെ ക്യാമറ സബിൻ ഊരാളിണ്ടിയും സംഗീതം ഡോൺ വിൻസെന്റുമാണ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഊർജ്ജസ്വലത തുടർച്ചയായി നിലനിർത്തുന്നതിൽ സംഗീതം വലിയ പങ്കുവഹിക്കുന്നുണ്ട്.തിയേറ്ററിൽ കൂട്ടച്ചിരിയും വറ്റാത്ത ഊർജ്ജവുമാണ് ഹൃദയഹാരിയായ പ്രണയകഥ സമ്മാനിക്കുന്നത്. സുരേശന്റേയും സുമലതയുടേയും കഥയിൽ പ്രണയവും ഹൃദയഹാരിയായ സംഭവങ്ങളുമൊക്കെ എത്രയെങ്കിലുമുണ്ട്.



 അറിഞ്ഞാസ്വദിച്ച് കാണാനാവുന്ന ചലച്ചിത്രമാണ് ഹൃദയഹാരിയായ പ്രണയകഥ. എന്നാൽ രസകരമായ കാര്യം അങ്ങനെയങ്ങ് എടുത്തു പറയാൻ കഴിയുന്ന കഥ ഈ സിനിമയ്ക്ക് ഇല്ലെന്നതുമാണ്. കുറേയേറെ സംഭവങ്ങൾ ചേർത്തുവെച്ച് സുരേശനിലൂടേയും സുമലതയിലൂടേയും പറഞ്ഞു പോകുന്ന സിനിമയിൽ ആദ്യമായി ക്യാമറയ്ക്ക് മുമ്പിലെത്തിയ ഗ്രാമീണർ വരെ വളരെ ഭംഗിയായി അഭിനയിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിൽ ഇത്രയധികം നാടക ഭ്രാന്തന്മാരുണ്ടാകുമോ എന്നറിയാൻ പയ്യന്നൂരിലെ മഹാദേവ ഗ്രാമത്തിൽ പോയി നോക്കേണ്ടി വരും. ഒളിഞ്ഞും തെളിഞ്ഞുമാണെങ്കിൽ പോലും അവിടുത്തെ എല്ലാവരും നാടകം ഉള്ളിലുള്ളവരാണെന്ന് സിനിമ പറയുന്നു. അതിനെ സാധൂകരിക്കുന്ന വസ്തുതകളെല്ലാം രചയിതാവും സംവിധായകനുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ കഥയിൽ അങ്ങോളമിങ്ങോളം കൊണ്ടുവന്നിട്ടുമുണ്ട്.

Find Out More:

Related Articles: